രഞ്ജി ട്രോഫി ക്രിക്കറ്റ്: ചരിത്രം രചിച്ച് കേരളം ക്വാര്‍ട്ടറില്‍, ഹരിയാനയെ തകര്‍ത്തത് ഇന്നിംഗ്സിനും 8 റൺസിനും

Webdunia
ചൊവ്വ, 28 നവം‌ബര്‍ 2017 (12:46 IST)
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചരിത്രമെഴുതി കേരളം. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഹരിയാനയെ അവരുടെ സ്വന്തം നാട്ടില്‍‌വെച്ച് ഇന്നിങ്സിനും എട്ട് റണ്‍സിനും തകര്‍ത്താണ് കേരളം ക്വാര്‍ട്ടര്‍ ബര്‍ത്ത് നേടിയത്. മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയ ജലജ് സക്‌സേനയും നിതീഷ് എംഡിയുമാണ് കേരളത്തിന് അഭിമാന ജയം സമ്മാനിച്ചത്. ബേസില്‍ തമ്പി രണ്ട് വിക്കറ്റും സ്വന്തമാക്കി. 
 
ആദ്യ ഇന്നിംഗ്‌സില്‍ 181 റണ്‍സ് ലീഡ് സ്വന്തമാക്കിയ കേരളത്തിനെതിരെ രണ്ടാം ഇന്നിംഗ്‌സില്‍ 173 റണ്‍സിനാണ് ഹരിയാന പുറത്തായത്. 40 റണ്‍സ് നേടിയ നായകന്‍ അമിത് മിശ്രയും പുറത്താകാതെ 32 റണ്‍സെടുത്ത മെഹ്ത്തയുമാണ് കേരളത്തിന്റെ വിജയം അല്‍പമെങ്കിലും വൈകിപിച്ചത്. ഇതോടെ ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവുമായി രണ്ടാം സ്ഥാനക്കാരായാണ് കേരളത്തിന്റെ നോക്കൗട്ട് പ്രവേശനം.
 
ആറ് മത്സരങ്ങളില്‍ നിന്നായി അഞ്ച് ജയവും ഒരു സമനിലയും ഉള്‍പ്പെടെ 34 പോയന്റ് നേടിയ ഗുജറാത്താണ് ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനക്കാരായ കേരളത്തിന് 31 പോയന്റാണുള്ളത്. സൗരാഷ്ട്ര, ജമ്മുകശ്മീര്‍, ഹരിയാന, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍ ടീമുകളെ കേരളം തോല്‍പിച്ചപ്പോള്‍ ഗുജറാത്തിനോട് പരാജയവും കേരളം ഏറ്റുവാങ്ങിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article