ലോകക്രിക്കറ്റിന്റെ നെറുകയില്‍ അശ്വിന്‍; തകര്‍ത്തെറിഞ്ഞത് ഡെന്നിസ് ലിലിയുടെ റെക്കോര്‍ഡ്

തിങ്കള്‍, 27 നവം‌ബര്‍ 2017 (14:10 IST)
ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രം രചിച്ച് ആര്‍ അശ്വിന്‍. ഏറ്റവും വേഗത്തിൽ 300 വിക്കറ്റ് നേട്ടം കൈവരിക്കുന്ന താരമെന്ന ലോക റെക്കോര്‍ഡാണ് അശ്വിന്‍ സ്വന്തം പേരിലാക്കിയത്. ശ്രീലങ്കയ്ക്കെതിരെ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ അവസാന വിക്കറ്റ് നേടിയതോടെയാണ് ഏറ്റവും വേഗത്തില്‍ 300 വിക്കറ്റ് നേടിയവരുടെ പട്ടികയില്‍ അശ്വിന്‍ ഒന്നാമതെത്തിയത്. ഇതോടെ ലോകക്രിക്കറ്റിലെ ഇതിഹാസങ്ങളെല്ലാം അശ്വിന് പിന്നിലാകുകയും ചെയ്തു‍.
 
ലങ്കയുടെ ലഹിരു ഗാമേജാണ് അശ്വിന്റെ മൂന്നൂറാമത് ഇര. തന്റെ കരിയറിലെ 54-ാം മത്സരത്തിലാണ് അശ്വിൻ 300 വിക്കറ്റ് എന്ന ചരിത്ര നേട്ടം കൈവരിച്ചത്. ഓസ്ട്രേലിയൻ പേസ് ഇതിഹാസമായ സാക്ഷാല്‍ ഡെന്നിസ് ലിലി പതിറ്റാണ്ടുകളായി സ്വന്തം പേരില്‍ കൊണ്ടുനടന്നിരുന്ന റെക്കോര്‍ഡാണ് അശ്വിന്‍ തിരുത്തിയെഴുതിയത്. 56 മത്സരങ്ങളില്‍ നിന്നായിരുന്നു ലില്ലി ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. 
 
അതേസമയം 58 ടെസ്റ്റുകളില്‍ നിന്ന് 300 വിക്കറ്റ് സ്വന്തമാക്കിയ മുത്തയ്യ മുരളീധരനാണ് പട്ടികയില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്ത്. 61 മത്സരങ്ങളിൽ 300 വിക്കറ്റ് കൊയ്ത മൂന്ന് പേര്‍കൂടി പട്ടിയിലുണ്ട്. ന്യൂസിലൻഡ് താരമായ റിച്ചാർഡ് ഹാഡ്‌ലി , വെസ്റ്റ് ഇൻഡീസ് താരം മാൽക്കം മാർഷൽ , ദക്ഷിണാഫ്രിക്കന്‍ താരം ഡെയിൽ സ്റ്റെയിൻ എന്നിവരാണ് അവര്‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍