കുക്കിനെ കടത്തിവെട്ടി, ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇംഗ്ലണ്ട് ബാറ്ററോ? ഒരു പടി കൂടി ചാടി കടന്ന് ജോ റൂട്ട്

അഭിറാം മനോഹർ

വെള്ളി, 30 ഓഗസ്റ്റ് 2024 (11:50 IST)
Joe Root
ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിലെ സെഞ്ചുറി നേട്ടത്തോടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരുടെ പട്ടികയില്‍ ഒരു പടി കൂടി മുന്നേറി ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ട്. സെഞ്ചുറി പ്രകടനത്തോടെ ഇംഗ്ലണ്ട് മണ്ണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇംഗ്ലണ്ട് ബാറ്ററെന്ന നേട്ടം റൂട്ട് സ്വന്തമാക്കി. ഇതിഹാസതാരം അലിസ്റ്റര്‍ കുക്കിനെയാണ് റൂട്ട് മറികടന്നത്.
 
ഇംഗ്ലണ്ട് മണ്ണില്‍ നിന്ന് മാത്രമായി 6,568 റണ്‍സാണ് കുക്ക് നേടിയിരുന്നത്. സെഞ്ചുറി പ്രകടനത്തോടെ ഇത് മറികടക്കാന്‍ റൂട്ടിനായി. കരിയറിലെ മുപ്പത്തിമൂന്നാം സെഞ്ചുറിയാണ് റൂട്ട് ശ്രീലങ്കക്കെതിരെ കുറിച്ചത്. നിലവില്‍ ഫാബുലസ് ഫോറില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ റൂട്ടിന്റെ പേരിലാണ്. അതേസമയം ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സുകളെന്ന അലിസ്റ്റര്‍ കുക്കിന്റെ റെക്കോര്‍ഡ് നേട്ടത്തിനരികെയാണ് റൂട്ട്. കുക്ക് 12,472 റണ്‍സാണ് ടെസ്റ്റില്‍ നിന്നും നേടിയത്. സെഞ്ചുറി പ്രകടനത്തോടെ 12,250 റണ്‍സ് റൂട്ട് മറികടന്നിരുന്നു.
 
15921 റണ്‍സുമായി ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് നിലവില്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കിയ താരം. 51 സെഞ്ചുറികളും ടെസ്റ്റില്‍ സച്ചിന്റെ പേരിലുണ്ട്. അതേസമയം ടെസ്റ്റിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ജോ റൂട്ട് ഇപ്പോഴുള്ളത്. 5-6 വര്‍ഷം സജീവക്രിക്കറ്റില്‍ തുടരാം എന്നതിനാല്‍ തന്നെ നിലവില്‍ സച്ചിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഏറ്റവും സാധ്യതയുള്ള താരം ജോ റൂട്ടാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍