യുവരാജ് സിംഗിനെതിരെ ഡുമിനി രംഗത്ത്, ഇങ്ങനെ തുടര്‍ന്നാല്‍ ബുദ്ധിമുട്ടാകും

ചൊവ്വ, 28 ഏപ്രില്‍ 2015 (16:03 IST)
ഡല്‍ഹി ഡെയര്‍ഡെവിള്‍സ് നായകന്‍ ജീന്‍ പോള്‍ ഡുമിനി ഒടിവില്‍ യുവരാജിന്റെ പ്രകടനത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ചു. യുവിയില്‍ നിന്ന് മികച്ച പ്രകടനം പ്രതീക്ഷിക്കുന്നുണ്ട്. ടൂര്‍ണമെന്‍റിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ യുവി കരുത്ത് തെളിയിക്കും. ആ നിമിഷത്തിനായും അദ്ദേഹവും ടീമും കാത്തിരിക്കുകയാണെന്നും ഡുമിനി പറഞ്ഞു. സഹീര്‍ഖാന്റെ തിരിച്ചുവരവ് ഉടനുണ്ടാകുമെന്നും ഡല്‍ഹി നായകന്‍ പറഞ്ഞു.

ഐപിഎല്‍ എട്ടാം സീസണില്‍ 16 കോടി രൂപയ്ക്ക് ഡല്‍ഹി ടീമിലെത്തിയ  യുവി ഏഴ് ഇന്നിംഗ്സുകളില്‍ നിന്നും 124 റണ്‍സ് മാത്രമാണ് ഇതുവരെ എടുത്തിട്ടുള്ളത്. ഇതോടെ അദ്ദേഹത്തിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡുമിനി തന്നെ രംഗത്തെത്തിയത്. അതേസമയം ടീമിന്റെ ഘടനയില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നും ഡുമിനി പറഞ്ഞു.

പരിക്ക് മാറിയ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാന്‍ അടുത്ത മത്സരത്തില്‍ കളിച്ചേക്കുമെന്നും ഡുമിനി സൂചിപ്പിച്ചു. സഹീര്‍ 95 ശതമാനം ശാരീരികക്ഷമത വീണ്ടെടുത്തു. വെള്ളിയാഴ്ച പഞ്ചാബിനെതിരായ മത്സരത്തില്‍ സഹീറിന് കളിക്കാനാകുമെന്നും ഡുമിനി പ്രതീക്ഷ പ്രകടിപ്പിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക