പന്ത് തരു, ഞാൻ എറിയാം: ഓവൽ ടെസ്റ്റിലെ വഴിത്തിരിവായ സ്പെൽ പിറന്നത് ഇങ്ങനെ

ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (13:47 IST)
ഇംഗ്ലണ്ടിനെതിരായ ഓവൽ ടെസ്റ്റിലെ ഇന്ത്യൻ വിജയത്തെ ചരിത്രപരമായ വിജയം എന്നാണ് ക്രിക്കറ്റ് ആരാധകർ വിശേഷിപ്പിക്കുന്നത്. നീണ്ട 50 വർഷകാലം ഇന്ത്യയ്ക്ക് മുന്നിൽ അടിയറവ് പറയാതിരുന്ന ഇംഗ്ലീഷ് കോട്ടയെ ഇന്ത്യ തകർത്തത് ടീം ഗെയിം കൊണ്ടായിരുന്നു. ബാറ്റിങിൽ രോഹിത് ശർമയും പൂജാരയും ഷാർദൂൽ താക്കൂറും തകർത്താടിയപ്പോൾ ബൗളർമാരും പ്രതീക്ഷയ്ക്കൊ‌ത്തുയർന്നു.
 
വിക്കറ്റ് നഷ്ടമില്ലാതെ നാലാം ദിനം തുടങ്ങിയ ഇംഗ്ലണ്ടിന് മത്സരത്തിൽ നേരിയ മുൻകൈ ഉണ്ടായിരുന്നുവെങ്കിൽ ഉച്ചഭക്ഷണത്തിന് ശേഷം ഇന്ത്യയുടെ കുന്തമുന ജസ്‌പ്രീത് ബു‌മ്ര നടത്തിയ മാജിക്ക് സ്പെ‌ല്ലാണ് മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയത്. ഇപ്പോഴിതാ ആ സ്വപ്‌നതുല്യമായ സ്പെൽ ബു‌മ്ര ചോദിച്ചുവാങ്ങികയായിരുന്നുവെന്ന് പറയുകയാണ് ഇന്ത്യൻ നായകൻ വിരാട് കോലി.
 
ഓവൽ ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ ആ മാജിക്കൽ സ്പെല്ലിനായി ബു‌മ്ര എന്നോട് നേരിട്ടു ചോദിക്കുകയായിരുന്നു മത്സരശേഷം കോലി പറഞ്ഞു. ലഞ്ചിന് ശേഷം ക്രീസിൽ നിലയുറപ്പിച്ചിരിക്കുന്നത് ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സിലെ ടോപ് സ്കോററായ ഒലി പോപ്പും ജോ റൂട്ടും. ഒരു വിക്കറ്റ് ഏറ്റവും നിർണായകമായിരുന്ന ഘട്ടത്തിൽ ഒലി പോപ്പിനെയും പിന്നീടെത്തിയ ജോണി ബെയർസ്റ്റോയെയും ബു‌മ്ര പവലിയനിലേക്കയച്ചത് ക്ഷണനേരത്തിൽ.
 
രണ്ടാം സെഷനിൽ പിച്ചിൽ നിന്നും യാതൊരു ആനുകൂല്യവും ലഭിക്കാത്ത സാഹചര്യത്തിൽ ബു‌മ്ര നടത്തിയ അത്ഭുതപ്രകടനമായിരുന്നു മത്സരത്തിന്റെ ജാതകം തന്നെ തിരുത്തിക്കുറിച്ചത്, രവീന്ദ്ര ജഡേജ മോയിൻ അലിയുടെ വിക്കറ്റ് കൂടി സ്വന്തമാക്കിയതോടെ മത്സരം ഇന്ത്യയുടെ വറുതിയിലാവുകയായിരുന്നു. തികച്ചും ഫ്ലാറ്റ് എന്ന് പറയാവുന്ന ഓവലിൽ റിവേഴ്‌സ് സ്വിങ് കണ്ടെത്തിയ ഇന്ത്യൻ ബൗളർമാരുടെ പ്രകടനത്തെ പ്രംശസിച്ചുകൊണ്ടാണ് കോലി തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍