അവസാന ചിയേഴ്സും പറഞ്ഞു, കരിയർ അവസാനിപ്പിച്ച് ആൻഡേഴ്സൺ, വിടവാങ്ങൽ മത്സരത്തിൽ 4 വിക്കറ്റ്

അഭിറാം മനോഹർ

ശനി, 13 ജൂലൈ 2024 (11:46 IST)
Anderson,Retirement
ക്രിക്കറ്റ് ലോകത്തെ പേസ് ബൗളിംഗ് ഇതിഹാസമായ ഇംഗ്ലണ്ട് താരം ജെയിംസ് ആന്‍ഡേഴ്‌സണിന്റെ ക്രിക്കറ്റ് കരിയറിന് വിരാമമായി. ലോര്‍ഡ്‌സില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടന്ന താരത്തിന്റെ അവസാന മത്സരത്തില്‍ ഇന്നിങ്‌സിനും 114 റണ്‍സിനുമായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. വെസ്റ്റിന്‍ഡീസ് 121,136 ഇംഗ്ലണ്ട് 371. മത്സരത്തിലാകെ നാല് വിക്കറ്റുകള്‍ വീഴ്ത്താനും ആന്‍ഡേഴ്‌സണായി. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 704 വിക്കറ്റുകളോടെ താരം അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചു.
 
വിരമിക്കല്‍ തീരുമാനം ഏറെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് ആന്‍ഡേഴ്‌സണ്‍ മത്സരശേഷം വ്യക്തമാക്കി. അത്ഭുതകരമായ 20 വര്‍ഷങ്ങളാണ് കടന്നുപോയത്. ഈ ജേഴ്‌സി ധരിക്കുമ്പോഴെല്ലാം ടീമിനായി എന്റെ 100 ശതമാനവും നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. പിന്തുണയില്ലാതെ ഇത്ര നീണ്ടോരു കരിയര്‍ പടുത്തുയര്‍ത്തനാകില്ല. എന്റെ കുടുംബം ഈ ഘട്ടങ്ങളിലെല്ലാം എനിക്കൊപ്പമുണ്ടായിരുന്നു. ഓസ്‌ട്രേലിയയിലും ഇന്ത്യയിലും വിജയിക്കുകയും ആ വിജയങ്ങളില്‍ എനിക്കെന്തെങ്കിലും ചെയ്യാനാകുന്നതും ശരിക്കും സവിശേഷമാണ്. എന്റെ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒരിക്കലും ഞാന്‍ പിന്മാറിയിട്ടില്ല. ഞാന്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റ് കളിച്ച് കുറച്ച് കാലമായി. ടെസ്റ്റ് ക്രിക്കറ്റ് തികഞ്ഞ സംതൃപ്തിയാണ് നല്‍കിയിട്ടുള്ളത്. ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.
 
അതേസമയം ലോര്‍ഡ്‌സില്‍ തന്റെ വിടവാങ്ങല്‍ മത്സരം കാണാനെത്തിയ കാണികളോട് അവസാന ചിയേഴ്‌സ് പറഞ്ഞുകൊണ്ടാണ് ആന്‍ഡേഴ്‌സണ്‍ പിരിഞ്ഞത്. ടെസ്റ്റ് ക്രിക്കറ്റില്‍ 704 വിക്കറ്റുകളോടെ ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കുന്ന പേസര്‍ എന്ന ബഹുമതിയോടെയാണ് ആന്‍ഡേഴ്‌സണ്‍ തന്റെ കരിയര്‍ അവസാനിപ്പിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റുകളിലുമായി 991 വിക്കറ്റുകളാണ് ആന്‍ഡേഴ്‌സണ്‍ സ്വന്തമാക്കിയത്. മുത്തയ്യമുരളീധരന്‍(1347),ഷെയ്ന്‍ വോണ്‍(1001) എന്നിവരാണ് ആന്‍ഡേഴ്‌സണ് മുന്നിലുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍