മക്കല്ലത്തിന് സെഞ്ചുറി; ചെന്നൈയ്‌ക്ക് രണ്ടാം ജയം

ശനി, 11 ഏപ്രില്‍ 2015 (20:27 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ എട്ടാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തുര്‍ച്ചയായ രണ്ടാം ജയം. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 45 റണ്ണിനായിരുന്നു ചെന്നൈയുടെ വിജയം. ചെന്നൈയുടെ 210 റണ്‍സെന്ന കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദിന് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.

നേരത്തെ ടോസ് നേടിയ ചെന്നൈ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബ്രന്‍ഡന്‍ മക്കല്ലത്തിന്റെയും ക്യാപ്റ്റന്‍ ധോണിയുടെയും തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ മികവിലാണ് ചെന്നൈ കൂറ്റന്‍ സ്കോറിലെത്തിയത്. മക്കല്ലം പുറത്താകാതെ 56 പന്തിൽ (100) സെഞ്ചുറി നെടിയപ്പോള്‍ ധോണിയുടെ (29 പന്തിൽ 53)  വെടിക്കെട്ട് കൂടി ചേര്‍ന്നപ്പോള്‍ നിശ്ചിത ഓവറില്‍ 209 റൺസെന്ന കൂറ്റൻ സ്കോര്‍ നേടുകയായിരുന്നു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ സണ്‍റൈസേഴ്സിന് വേണ്ടി ഡേവിഡ് വാര്‍ണര്‍ (53) ശിഖര്‍ ധവാന്‍ (26), നമാന്‍ ഓജ (15), രവി ബൊപ്പാര (22), കെയ്ന്‍ വില്യംസണ് ‍(പുറത്താകാതെ 26) എന്നിവര്‍ തിളങ്ങിയെങ്കിലും മികച്ച കൂട്ടുകെട്ടുകള്‍ ചേര്‍ക്കാന്‍ കഴിയാതെ പോയതോടെ പരാജയത്തിലേക്ക് വീഴുകയായിരുന്നു. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുകു കാട്ടിയ ചെന്നൈ ബോളര്‍മാരും വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. അശ്വിന്‍ നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയാണ് ഒരു വിക്കറ്റ് നേടിയത്.  


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക