ആരാധകരെ അതിശയിപ്പിക്കുന്ന തീരുമാനവുമായി സെലക്‍ടര്‍മാര്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്നു മൽസരങ്ങൾക്കുള്ള 18 അംഗ ഇന്ത്യൻ ടീമില്‍ നിന്നും സൂപ്പര്‍ താരം രോഹിത് ശർമയെ ഒഴിവാക്കി.
വിരാട് കോഹ്‍ലി നയിക്കുന്ന ടീമിൽ ആരാധകരുടെ പ്രിയതാരമായ രോഹിത് ശര്‍മ്മയ്‌ക്ക് ഇടം നേടാന്‍ കഴിയാതെ വന്നപ്പോള്‍ പുത്തന്‍ സെൻസേഷൻ ഋഷഭ് പന്ത് പട്ടികയില്‍ ഇടം പിടിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാനായിട്ടാണ് യുവതാരം ടീമിലെത്തിയത്. അജിങ്ക്യ രഹാനെയാണ് വൈസ് ക്യാപ്റ്റന്‍.
പരിക്കിന്റെ പിടിയിലായ ജസ്പ്രീത് ബുംമ്ര ടീമില്‍ സ്ഥാനം കണ്ടെത്തിയപ്പോള്‍ പുറം വേദന മൂലം ബുദ്ധിമുട്ടുന്ന ഭുവനേശ്വർ കുമാറിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുത്തില്ല. പരുക്കു മാറിയാൽ ഭുവിയെ ടീമിൽ ഉൾപ്പെടുത്തുമെന്നാണ് അറിയിപ്പ്.