ഇന്ത്യയ്ക്ക് ‘ടൈ’ കെട്ടി വെസ്റ്റിന്‍ഡീസ്, രണ്ടാം ഏകദിനം സമനില!

ബുധന്‍, 24 ഒക്‌ടോബര്‍ 2018 (22:08 IST)
വിരാട് കൊഹ്‌ലി സെഞ്ച്വറിയടിച്ച മത്സരത്തില്‍, കൊഹ്‌ലി 10000 റണ്‍സ് ക്ലബില്‍ അംഗത്വം നേടിയ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് സമനില മാത്രം. 321 എന്ന വമ്പന്‍ സ്കോര്‍ പടുത്തുയര്‍ത്തി ഇന്ത്യ വെല്ലുവിളിച്ചപ്പോള്‍ അതേ രീതിയില്‍ തന്നെ മറുപടി കൊടുത്ത് വിന്‍ഡീസ് തിളങ്ങി. അതേ, അക്ഷരാര്‍ത്ഥത്തില്‍ ഈ സമനില വിന്‍ഡീസിന് ജയത്തിന് തുല്യം.
 
സ്കോര്‍: ഇന്ത്യ 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 321
വെന്‍സ്റ്റിന്‍ഡീസ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 321
 
അവസാന ഓവറില്‍ 14 റണ്‍സാണ് വെസ്റ്റിന്‍ഡീസിന് ജയിക്കാനായി വേണ്ടിയിരുന്നത്. ഒരു ഘട്ടത്തില്‍ അത് അപ്രാപ്യമെന്ന് തോന്നിച്ചു. വിന്‍ഡീസ് പരാജയപ്പെടുമെന്നും കരുതി. എന്നാല്‍ അവസാന പന്ത് അതിര്‍ത്തികടത്തി ഹോപ് പ്രതീക്ഷയുടെ സമനില പിടിച്ചു.
 
ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ 157 റണ്‍സുമായി വിരാട് കോഹ്‌ലി തന്നെയാണ് നിറഞ്ഞുനിന്നത്. 13 ഫോറുകളും നാല് സിക്സറുകളും പറത്തി 129 പന്തുകളില്‍ നിന്നാണ് 157 റണ്‍സ് എടുത്ത് കോഹ്‌ലി പുറത്താകാതെ നിന്നത്. 73 റണ്‍സ് എടുത്ത അമ്പാട്ടി റായിഡുവാണ് തിളങ്ങിയ മറ്റൊരു താരം.
 
വെസ്റ്റിന്‍ഡീസ് ബാറ്റിംഗ് നിരയില്‍ എസ് ഡി ഹോപ് 123 റണ്‍സുമായി പുറത്താകാതെ നിന്നു. ഹെറ്റ്‌മെയര്‍ 94 റണ്‍സ് എടുത്ത് പുറത്തായി. ഇന്ത്യയ്ക്കുവേണ്ടി കുല്‍ദീപ് യാദവ് 3 വിക്കറ്റുകള്‍ വീഴ്ത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍