വിന്‍ഡീസിനെതിരെ ജയിക്കണമെങ്കില്‍ ധോണി ഈ സാഹസം കാണിക്കണം

Webdunia
ശനി, 27 ഓഗസ്റ്റ് 2016 (18:37 IST)
ട്വന്റി - 20 ലോകകപ്പ് സെമിയില്‍ പരാജയപ്പെടുത്തിയതിന്റെ കണക്ക് തീര്‍ക്കാനാണ് മഹേന്ദ്ര സിംഗ് ധോണിയും സംഘവും അമേരിക്കയിലെത്തിയിരിക്കുന്നത്. എന്നാല്‍ ടെസ്‌റ്റിലെ തിരിച്ചടികള്‍ക്ക് പകരം വീട്ടാനാണ് ചാള്‍സ് ബ്രാത്‌വെയ്‌റ്റിന്റെ നേതൃത്വത്തിലുള്ള ടീം എത്തുന്നത്.

വിന്‍ഡീസിനെതിരെ എളുപ്പത്തില്‍ ജയിക്കാമെന്നുള്ള വിചാരമൊന്നും ധോണിക്കും കോഹ്‌ലിക്കുമില്ല. വമ്പന്‍ ടീമിനെ അണിനിരത്തുന്ന കരീബിയന്‍ ടീമില്‍ ട്വന്റി - 20 സ്‌പെഷലിസ്റ്റുകള്‍ മാത്രമാണെന്നതാണ് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുന്നത്. ക്രിസ്‌ ഗെയില്‍ പരാജയപ്പെട്ടാലും തുടര്‍ന്നു വരുന്നവര്‍ വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ളവരാണ്. ലോകകപ്പ് ഫൈനലില്‍ അവര്‍ അത് തെളിയിക്കുകയും ചെയ്‌തിട്ടുണ്ട്.

രണ്ടോ മുന്നോ ഓവറില്‍ കളി തങ്ങളുടെ വഴിക്ക് എത്തിക്കാന്‍ വിന്‍ഡീസിന് കഴിവുണ്ട്. അതിനാല്‍ ധോണിയുടെ ബോളിംഗ് തീരുമാനം വരെ കളിയില്‍ നിര്‍ണായകമാകും. വിന്‍ഡീസിനെതിരെ ട്വന്റി - 20 കളിക്കുമ്പോള്‍ എവിടെ എങ്കിലും ഒരിടത്ത്  പിഴച്ചാല്‍ തോല്‍‌വി ഉറപ്പാണെന്ന് എല്ലാവര്‍ക്കുമറിയാം.

ക്രിസ് ഗെയില്‍‍, ഡ്വെയ്ന്‍ ബ്രാവോ, കീരണ്‍ പൊള്ളാര്‍ഡ്, സുനിന്‍ നരെയ്ന്‍, സാമുവല്‍ ബദ്രി, ആന്‍ഡ്രെ റസ്സല്‍ തുടങ്ങിയ ടി 20 സ്‌പെഷലിസ്റ്റുകള്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ബ്രാത്‌വെയ്‌റ്റ് എന്ന പുതിയ നായകന്റെ കീഴില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നാണ് വിന്‍ഡീസ് കരുതുന്നത്.

അമേരിക്കയില്‍ ക്രിക്കറ്റിനുവേണ്ടി മാത്രമായി ഒരുക്കിയിരിക്കുന്ന പിച്ചിന്റെ സ്വഭാവം ഇരു നായകന്മാര്‍ക്കും അറിയില്ല. എന്നാല്‍ ഏത് നിമിഷവും തിരിച്ചടികള്‍ നല്‍കാനാണ് ധോണിയും സംഘവും പദ്ധതിയിടുന്നത്. രോഹിത്, ധവാന്‍, കോഹ്‌ലി,  രഹാനെ, ധോണി എന്നിവര്‍ക്കൊപ്പം കെ എല്‍ രാഹുലിന് അവസരം കിട്ടിയേക്കും. ബൗളിംഗില്‍ ഭുമ്ര, ഭുവനേശ്വര്‍, ഷമി, അശ്വിന്‍, ജഡേജ എന്നിവര്‍ക്ക് സാധ്യത.
Next Article