ഇനിയാണ് മക്കളേ കളി, സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ; പകരം വീട്ടിയിരിക്കും !

ചിപ്പി പീലിപ്പോസ്

ബുധന്‍, 27 നവം‌ബര്‍ 2019 (12:45 IST)
മലയാളി ക്രിക്കറ്റ് താരം സഞ്ചു സാംസൺ വീണ്ടും ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തി. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെ ഇന്ത്യൻ ഓപ്പണിങ് താരം ശിഖർ ധവാന് പരിക്കേറ്റതോടെയാണ് വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിൽ സഞ്ചുവിനേയും ഉൾപ്പെടുത്താൻ ബി സി സി ഐ തീരുമാനിച്ചത്.  
 
ഇതോടെ ദിവസങ്ങൾ നീണ്ട പ്രതിഷേധങ്ങൾക്കും കോലാഹലങ്ങൾക്കും അറുതി വന്നിരിക്കുകയാണ്. വിരാട് കോലിയാണ് ടീമിന്റെ നായകൻ. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ വിൻഡീസിനെതിരെ കളിക്കുന്നത്. ഇതിൽ രണ്ടാം മത്സരം സഞ്ജുവിന്റെ സ്വന്തം നാടായ തിരുവനന്തപുരത്താണ്. 
 
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ സഞ്ചുവിനെ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഒരു മത്സരത്തിൽ കൂടി കളിക്കുവാൻ അനുവദിച്ചിരുന്നില്ല. പരമ്പരയിൽ മൂന്ന് മത്സരങ്ങളിലും മോശം ഫോമിലുള്ള ഋഷബ് പന്തിനെ കളിപ്പിച്ചത് വലിയ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. ഇതിനെതിരെ മുൻ ക്രിക്കറ്റ് താരങ്ങളും ആരാധകരും രംഗത്തെത്തിയതോടെയാണ് ധവാന്റെ ഒഴിവിലേക്കായി സഞ്ചുവിനെ പരിഗണിക്കുന്നത്. 
 
സഞ്ചുവിന് പ്ലേയിങ് ഇലവനിൽ കളിക്കുവാനുള്ള സാധ്യത ഏറെയാണ്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന നിലയിലായിരിക്കില്ല പകരം ബാറ്റ്സ്മാൻ എന്ന നിലയിലായിരിക്കും സഞ്ചുവിനെ ടീമിൽ ഉൾപ്പെടുത്തുക. വെസ്റ്റിൻഡീസിനെതിരെ ധവാന് പകരം ലോകേഷ് രാഹുലായിരിക്കും രോഹിത്തിനോടൊപ്പം ഓപ്പൺ ചെയ്യാനിറങ്ങുക. മൂന്നാമനായി നായകൻ വിരാട് കോലിയും നാലാം നമ്പറിൽ ശ്രേയസ് അയ്യരും ഇറങ്ങും. മനീഷ് പാണ്ഡെ ആയിരിക്കും അഞ്ചാം നമ്പറിൽ സഞ്ചുവിന് വെല്ലുവിളിയാവുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍