ഇംഗ്ലണ്ട് താരം ജോഫ്ര ആർച്ചറെ വംശീയമായി അധിക്ഷേപിച്ചതായി പരാതി,സംഭവത്തിൽ മാപ്പ് ചോദിക്കുന്നുവെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോർഡ്

അഭിറാം മനോഹർ

ചൊവ്വ, 26 നവം‌ബര്‍ 2019 (14:27 IST)
കളിക്കളത്തിലെ മാന്യമായ പെരുമാറ്റത്തിന്റെ പേരിൽ വളരെയധികം പ്രശംസ നേടിയവരാണ് ന്യൂസിലൻഡ് താരങ്ങൾ. ഏറെ വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയ ലോകകപ്പ് ഫൈനലിൽ പോലും മാന്യമായ പെരുമാറ്റമാണ് ന്യൂസിലൻഡ് താരങ്ങൾ നടത്തിയത്. എന്നാൽ ന്യൂസിലൻഡ് കാണികളിൽ ഒരാൾ ഇംഗ്ലണ്ട്  താരം ജോഫ്ര ആർച്ചറെ വംശീയമായി അപമാനിച്ചെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
 
ക്രിക്കറ്റ് ലോകത്തിന് തന്നെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ ന്യൂസിലൻഡ്  ക്രിക്കറ്റ് ബോർഡ് ആർച്ചറിനോട് മാപ്പ് പറയുകയും ചെയ്തു. ന്യൂസിലൻഡ് കാണികൾ മത്സരത്തിൽ വംശീയമായി അപമാനിക്കാൻ ശ്രമിച്ചെന്ന വാർത്ത ട്വിറ്റർ വഴിയാണ് ജോഫ്ര ആർച്ചറാണ് പുറത്തുവിട്ടത്. എന്റെ ടീമിനെ തോൽവിയിൽ നിന്നും രക്ഷിക്കുവാൻ ശ്രമിക്കുന്നതിനിടെ കാണികളിൽ ഒരാൾ വംശീയമായി അപമാനിച്ചത് എന്നെ വേദനിപ്പിക്കുന്നു. എന്നാൽ അയാൾ ഒഴികെയുള്ള ആരാധകർ തന്നെ അതിശയപ്പെടുത്തി എപ്പോഴത്തെയും പോലെ ബാർമി ആർമി മികച്ചു നിന്നു ആർച്ചർ ട്വിറ്ററിൽ കുറിച്ചു.
 
ക്രിക്കറ്റിൽ ഇംഗ്ലണ്ട് ഒരുപക്ഷേ എതിരാളികളായിരിക്കാമെന്നും എന്നാൽ അവർ നമ്മുടെ സുഹ്രുത്തുക്കളാണെന്നും വംശീയാധിക്ഷേപം അംഗീകരിക്കാൻ കഴിയില്ലെന്നും വിഷയത്തിൽ  ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ പ്രതികരിച്ചു.
സംഭവത്തെ തുടർന്ന്  അടുത്ത മത്സരം നടക്കാനിരിക്കുന്ന വേദിയിൽ സുരക്ഷ വർധിപ്പിക്കുവാനാണ് ന്യൂസിലൻഡ് ബോർഡിന്റെ പുതിയ തീരുമാനം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍