India vs England Test Series: ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആന്‍ഡേഴ്‌സണ്‍ - ടെന്‍ഡുല്‍ക്കര്‍ ട്രോഫിക്കു വേണ്ടി; ലെജന്‍ഡറി താരങ്ങള്‍ക്കു ആദരവ്

രേണുക വേണു

വെള്ളി, 6 ജൂണ്‍ 2025 (12:14 IST)
Sachin Tendulkar and James Anderson

India - England Test Series: ഇംഗ്ലണ്ട് - ഇന്ത്യ ടെസ്റ്റ് പരമ്പര കിരീടത്തിനു മഹാരഥന്‍മാരായ താരങ്ങളുടെ പേര് നല്‍കാന്‍ ബിസിസിഐയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും തീരുമാനിച്ചു. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഇംഗ്ലണ്ട് ഇതിഹാസ ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ക്ക് ആദരമായായിരിക്കും ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നടക്കുക. 
 
ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫിക്കു സമാനമായി ആന്‍ഡേഴ്‌സണ്‍ - ടെന്‍ഡുല്‍ക്കര്‍ ട്രോഫി എന്ന പേരിലാകും ടെസ്റ്റ് പരമ്പര നടക്കുക. ജൂണ്‍ 11 നു ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ വേദിയായ ലോര്‍ഡ്‌സില്‍ വെച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കറും ജെയിംസ് ആന്‍ഡേഴ്‌സനും ചേര്‍ന്ന് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള ട്രോഫി അനാച്ഛാദനം ചെയ്യുമെന്ന് ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണ്‍ 20 നു ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണ് ഉള്ളത്. ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയെ നയിക്കുന്നത്. 
 
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള കിരീടത്തെ പട്ടൗഡി ട്രോഫി എന്നാണ് ഇതുവരെ അറിയപ്പെട്ടിരുന്നത്. ഇന്ത്യക്കായി 200 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച താരമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ടിനായി 188 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍