കുഴിച്ച കുഴിയില്‍ ഓസ്‌ട്രേലിയ വീഴുമോ ?; ഈ അഞ്ചു പേരാകും ‘കങ്കാരു വധം’ നടപ്പാക്കുക - കളി ഇന്ത്യയോട് വേണ്ട!
ചൊവ്വ, 4 ഡിസംബര്‍ 2018 (15:44 IST)
ഓസ്‌ട്രേലിയയില്‍ ഒരു ടെസ്‌റ്റ് പരമ്പരയെന്ന സ്വപ്‌നവുമായി എത്തിയ ഇന്ത്യക്ക് മുന്നില്‍ ശക്തമായ പ്രതിരോധമാണ് കങ്കാരുക്കള്‍ ഒരുക്കുന്നത്. പേസും ബൌണ്‍സും ഒളിഞ്ഞിരിക്കുന്ന പിച്ചുകളാണ് ഇന്ത്യക്കായി ഒരുക്കിയിരിക്കുന്നത്.
സ്‌റ്റീവ് സ്‌മിത്തും ഡേവിഡ് വാര്‍ണറുമില്ലാത്ത ഓസീസിനെ വിലകുറച്ചു കാണാന്‍ വിരാട് കോഹ്‌ലി തയ്യാറാകുന്നില്ല. പരമ്പരയില്‍ മുന്‍തൂക്കം ഓസീസിനാണെന്ന് വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹായും വ്യക്തമാക്കി. പ്രസ്‌താവനയിലൂടെ സമ്മര്‍ദ്ദങ്ങളെ ഓസീസ് ക്യാമ്പിലേക്ക് എത്തിക്കുകയെന്ന തന്ത്രമാണ് ഇരുവരും പുറത്തെടുത്തത്.
ആദ്യ ടെസ്‌റ്റ് നടക്കുന്ന അഡ്‌ലെയ്‌ഡില്‍ പുല്ലുള്ള പിച്ചായിരിക്കും ഇന്ത്യയെ കാത്തിരിക്കുന്നതെന്ന് ക്യൂറേറ്ററായ ഡാമിയന്‍ ഹൗ വ്യക്തമാക്കി. ഓസ്‌ട്രേലിയന്‍ പേസ് ബോളര്‍മാരായ മിച്ചല്‍ സ്‌റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമിന്‍സ് എന്നിവര്‍ക്ക് സഹായകമാകുന്ന തരത്തിലാണ് പിച്ചൊരുക്കിയിരിക്കുന്നത്.
എന്നാല്‍, ഈ കുരുക്കില്‍ ഓസീസ് തന്നെ വീഴുമെന്നാണ് ക്രിക്കറ്റ് വിദഗ്ദരുടെ നിരീക്ഷണം. കോഹ്‌ലി, ചേതേശ്വര്‍ പൂജാര, അജിങ്ക്യാ രഹാനെ എന്നിവര്‍ പേസ് ബോളിംഗിനെ നേരിടുന്നതില്‍ വിദഗ്ദരാണ്. മറുവശത്ത് ഓസീസിന്റെ കാര്യം അങ്ങനെയല്ല. സ്‌മിത്തും വാര്‍ണറുമില്ലാത്തതിനാല്‍ നടുവൊടിഞ്ഞ ബാറ്റിംഗ് നിരയാണ് അവരുടേത്. ഉസ്‌മാന്‍ ഖ്വാജയും ടീം പെയിനും ആരോണ്‍ ഫിഞ്ചും മാത്രമാണ് പ്രതീക്ഷ നല്‍കാവുന്ന ബാറ്റ്‌സ്‌മാന്മാര്‍.
ഇന്ത്യന്‍ ബോളിംഗ് നിര അതിശക്തമാണെന്നതാണ് ശ്രദ്ധേയം. ജസ്പ്രീത്ബുമ്ര, മുഹമ്മദ്ഷമി, ഉമേഷ്യാദവ്, ഭുവനേശ്വർ കുമാർ, ഇഷാന്ത്ശർമ എന്നീ പേസര്‍മാര്‍ അതിഥേയരുടെ നെഞ്ച് പിളര്‍ക്കാന്‍ ശേഷിയുള്ള ബോളര്‍മാരാണ്. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും 20 വിക്കറ്റുകള്‍ നേടിയ ഈ ബോളിംഗ് സംഘം കോഹ്‌ലിയുടെ വജ്രായുധമാണ്.
ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെ പേസ് ഒളിഞ്ഞിരിക്കുന്ന പിച്ചുകള്‍ ഓസ്‌ട്രേലിയ്‌ക്ക് തന്നെ തിരിച്ചടിയാകുമോ എന്ന ആശങ്കയാണ് ക്രിക്കറ്റ് ലോകത്ത് നിന്നുമുയരുന്നത്.