മഴ കളിച്ചു; മൂന്നാം ട്വന്റി20 ഉപേക്ഷിച്ചു, റാങ്കിങില്‍ ഇന്ത്യ ആറാം സ്ഥാനത്തേക്ക് വീണു
കനത്ത മഴയെ തുടര്‍ന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ട്വന്റി20 മല്‍സരം ഒരു പന്തു പോലും എറിയാതെ ഉപേക്ഷിച്ചു. മണിക്കൂറുകളോളം പെയ്‌ത മഴയില്‍ ഔട്ട്‌ഫീല്‍ഡ് നനഞ്ഞതിനെ തുടര്‍ന്നാണ് മല്‍സരം ഉപേക്ഷിച്ചത്. ആദ്യ രണ്ടു മല്‍സരങ്ങളും ദക്ഷിണാഫ്രിക്ക ആധികാരികമായി ജയിച്ച ദക്ഷിണാഫ്രിക്ക പരമ്പര 2-0ന് സ്വന്തമാക്കി.
മഴ മാറി നിന്നതോടെ രാത്രി ഒമ്പതരയോടെ അമ്പയര്‍മാര്‍ ഗ്രൗണ്ടില്‍ അന്തിമ പരിശോധന നടത്തിയെങ്കിലും ഔട്ട്‌ഫീല്‍ഡ് മഴയില്‍ കുതിര്‍ന്ന അവസ്ഥയില്‍ ആയതിനാല്‍ മല്‍സരം ഉപേക്ഷിക്കാന്‍ മാച്ച് റഫറി ക്രിസ് ബ്രോഡ് തീരുമാനിക്കുകയായിരുന്നു.
അംപയര്‍മാരുടെ റിപ്പോര്‍ട്ട് പ്രകാരമാണ് മാച്ച് റഫറി മല്‍സരം ഉപേക്ഷിച്ചത്.
മത്സരം നടക്കാതെ പോയത് നിരാശ പകരുന്നതാണെന്ന് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി പറഞ്ഞു. രണ്ടു മത്സരങ്ങളും തോറ്റതോടെ ദക്ഷിണാഫ്രിക്ക ലോക ടി20 റാങ്കിങില്‍ അഞ്ചാം സ്ഥാനത്തെത്തി. രണ്ടു സ്ഥാനം നഷ്‌ടമായ ഇന്ത്യ ആറാം സ്ഥാനത്തേക്ക് പതിച്ചു.