Sanju Samson:അഫ്ഗാൻ പരമ്പരയിൽ ടീമിലുണ്ട്, തിളങ്ങാനായാൽ ലോകകപ്പ് ടീമിൽ ഇടം പിടിച്ചേക്കും, പക്ഷേ സഞ്ജു എവിടെ കളിക്കും?

അഭിറാം മനോഹർ
ചൊവ്വ, 9 ജനുവരി 2024 (18:21 IST)
അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടിയതിന്റെ സന്തോഷത്തിലാണ് സഞ്ജു ആരാധകര്‍. ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍ എന്നിവരെ മറികടന്നുകൊണ്ടാണ് അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ സഞ്ജുവും ജിതേഷ് ശര്‍മയും സ്ഥാനം നേടിയത്. ബുദ്ധിമുട്ടേറിയ ദക്ഷിണാഫ്രിക്കന്‍ പിച്ചില്‍ സഞ്ജു നടത്തിയ സെഞ്ചുറി പ്രകടനമാണ് ടി20 ടീമില്‍ ഇടം നേടാന്‍ താരത്തിന് സഹായകമായത്.
 
എന്നാല്‍ അഫ്ഗാനെതിരായ പരമ്പരയില്‍ 2 വിക്കറ്റ് കീപ്പര്‍മാരാണ് ടീമിനുള്ളത്. ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച റെക്കോര്‍ഡുണ്ടെങ്കിലും ടി20യില്‍ വേണ്ടത്ര മികവ് തെളിയിക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ അവസരം ലഭിച്ചിട്ടും തിളങ്ങാന്‍ ജിതേഷ് ശര്‍മയ്ക്കും സാധിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ജിതേഷ് ശര്‍മയേക്കാള്‍ സാധ്യത സഞ്ജുവിനാണെന്നാണ് കരുതപ്പെടുന്നത്. സൂര്യകുമാര്‍ യാദവ്,ശ്രേയസ് അയ്യര്‍ എന്നിവരുടെ അഭാവത്തില്‍ നാലാമനായോ അഞ്ചാമനായോ സഞ്ജു തന്നെ കളിക്കാനാണ് സാധ്യത അധികവും.
 
അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ തിളങ്ങാനായാല്‍ ടി20 ലോകകപ്പില്‍ ഇടം നേടാനുള്ള സഞ്ജുവിന്റെ സാധ്യതകളും ഉയരും. ടി20 ലോകകപ്പിന് മുന്‍പ് ഇന്ത്യ അവസാനമായി കളിക്കുന്നത് അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലാണ്. അതേസമയം സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ,വിരാട് കോലി എന്നിവര്‍ തിരിച്ചെത്തുന്നത് ടീം കോമ്പിനേഷനില്‍ വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. രോഹിത് തിരിച്ചെത്തുന്നതോടെ മോശം ഫോമിലുള്ള ഗില്‍ ടീമില്‍ നിന്നും പുറത്താകാനാണ് സാധ്യത. മൂന്നാമനായി വിരാട് കോലിയും നാലാമനായി തിലവ് വര്‍മയും ഇറങ്ങും. അതിന് ശേഷമാകും സഞ്ജുവിന് ഇടമുണ്ടാകുക. സഞ്ജുവിന്റെ പിറകെ ഫിനിഷര്‍ റോളില്‍ റിങ്കു സിംഗും കളിക്കും. തുടര്‍ന്നുള്ള സ്ഥാനത്തില്‍ ശിവം ദുബെ,അക്‌സര്‍ പട്ടേല്‍ എന്നിവരില്‍ ആരെങ്കിലുമാകും ഇടം പിടിക്കുക. പേസര്‍മാരായി മുകേഷ് കുമാറും അര്‍ഷദീപ് സിംഗുമാണ് ടീമിലുള്ളത്. മറ്റൊരു സ്പിന്നറായി കുല്‍ദീപാകും കളിക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article