അടുത്ത ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ ഇറങ്ങുക രോഹിത്തും കോലിയും ഇല്ലാതെ; യുവ ടീമിനെ സജ്ജമാക്കാന്‍ അഗാര്‍ക്കര്‍

വ്യാഴം, 6 ജൂലൈ 2023 (11:44 IST)
അടുത്ത ട്വന്റി 20 ലോകകപ്പ് ലക്ഷ്യമിട്ട് ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി നടത്തുകയാണ് ബിസിസിഐയും സെലക്ടര്‍മാരും. മുതിര്‍ന്ന താരങ്ങളെ ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്ന് ഒഴിവാക്കാന്‍ ബിസിസിഐ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോഴും സീനിയര്‍ താരങ്ങള്‍ പുറത്ത് തന്നെ. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ 30 വയസ് കഴിഞ്ഞ രണ്ട് താരങ്ങള്‍ മാത്രമേ ഉള്ളൂ. ടി 20 ഒന്നാം നമ്പര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവും സ്പിന്നര്‍ യുസ്വേന്ദ്ര ചഹലും. ബാക്കിയുള്ളവരെല്ലാം മൂപ്പതില്‍ താഴെ ഉള്ളവരാണ്. 
 
തലമുറ മാറ്റം തന്നെയാണ് ലക്ഷ്യമെന്ന് ബിസിസിഐ ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. രോഹിത് ശര്‍മയും വിരാട് കോലിയും ഇനി ഇന്ത്യക്കായി ട്വന്റി 20 കളിക്കില്ല. കെ.എല്‍.രാഹുലിന്റെ ടി 20 ഭാവിയും അനിശ്ചിതത്വത്തിലാണ്. ഹാര്‍ദിക് പാണ്ഡ്യയുടെ കീഴില്‍ ഒരു യുവ ടീമിനെ സജ്ജമാക്കുകയാണ് ബിസിസിഐ ലക്ഷ്യമിട്ടിരിക്കുന്നത്. 
 
കഴിഞ്ഞ ട്വന്റി 20 ലോകകപ്പിന് ശേഷം രോഹിത്തും കോലിയും ഇന്ത്യക്കായി ടി 20 ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ല. 36 കാരനായ രോഹിത് ശര്‍മയും 35 കാരനായ വിരാട് കോലിയും ഇന്ത്യയുടെ ടി 20 പദ്ധതികളില്‍ ഇനിയുണ്ടാകില്ലെന്ന വ്യക്തമായ സന്ദേശമാണ് ബിസിസിഐ ടീം സെലക്ഷനിലൂടെ നല്‍കുന്നത്. സെലക്ഷന്‍ കമ്മിറ്റിയുടെ പുതിയ അധ്യക്ഷനായി അജിത് അഗാര്‍ക്കര്‍ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള ആദ്യ ടീം പ്രഖ്യാപനമാണ് ഇത്. യുവ താരങ്ങളെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി കൊണ്ട് അഗാര്‍ക്കറും തന്റെ നയം വ്യക്തമാക്കി കഴിഞ്ഞു. 
 
യഷ്വസി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവരായിരിക്കും ട്വന്റി 20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഓപ്പണര്‍മാര്‍. തിലക് വര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ തുടങ്ങിയവര്‍ക്കെല്ലാം ട്വന്റി 20 ഫോര്‍മാറ്റില്‍ ഇനി തുടര്‍ച്ചയായി അവസരം ലഭിക്കും. ജിതേഷ് ശര്‍മ, റിങ്കു സിങ് തുടങ്ങിയവരും ഭാവിയില്‍ ഇന്ത്യന്‍ ടി 20 സ്‌ക്വാഡിന്റെ ഭാഗമാകും. ഋതുരാജ് ഗെയ്ക്വാദിനും അവസരം നല്‍കിയേക്കും. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍