ഇന്ത്യയില്‍നിന്നു കിട്ടുന്ന സ്നേഹം പ്രത്യേകതയുള്ളതാണ്; പാകിസ്ഥാനിലേക്കാള്‍ ക്രിക്കറ്റിനെ സ്നേഹിക്കുന്ന ആളുകളാണ് ഇവിടെയുള്ളത്, ഇന്ത്യയില്‍ സുരക്ഷാ ഭീഷണിയില്ല- അഫ്രീദി

ഞായര്‍, 13 മാര്‍ച്ച് 2016 (16:37 IST)
ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരെ പ്രശംസിച്ച് പാകിസ്ഥാന്‍ ട്വന്റി-20 ക്രിക്കറ്റ് നായകന്‍ ഷഹീദ് അഫ്രീദി രംഗത്ത്. ഇന്ത്യയില്‍ കളിക്കുന്നത് എന്നും താന്‍ ആസ്വദിച്ചിട്ടുണ്ട്. പാകിസ്ഥാനിലേക്കാള്‍ ക്രിക്കറ്റിനെ സ്നേഹിക്കുന്ന ആളുകളാണ് ഇന്ത്യയിലുള്ളത്. ഇവിടെ ഒരു സുരക്ഷാ ഭീഷണിയുമില്ലെന്നും പാക് നായകന്‍ പറഞ്ഞു.

ഇന്ത്യയില്‍ നിന്ന് ലഭിക്കുന്നത് പ്രത്യേക സ്‌നേഹമാണ്. ഇന്ത്യയിലെന്നപോലെ താന്‍ മറ്റൊരിടത്തും ക്രിക്കറ്റ് ഇത്ര നന്നായി ആസ്വദിച്ചിട്ടില്ലെന്നും അഫ്രീദി പറഞ്ഞു. ഇന്ത്യ ഒരുക്കിയിരിക്കുന്ന സുരക്ഷ മികച്ചതാണെന്ന് ഷോയിബ് മാലിക്കും പറഞ്ഞു. ഭാര്യ ഇവിടെനിന്നുള്ളയാളാണ്. താന്‍ നിരവധി തവണ ഇന്ത്യയില്‍ വന്നിട്ടുണ്ട്. ഒരിക്കല്‍പോലും സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും മാലിക്ക് പറഞ്ഞു.

അതേസമയം, ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തിനെതിരെ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ രംഗത്തെത്തി. ഇന്ത്യയെ പിന്നില്‍നിന്നു കുത്തുന്ന ഒരു രാജ്യത്തോടൊപ്പം ക്രിക്കറ്റ് കളിക്കുന്നത് അംഗീകരിക്കാനാവില്ല. ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ തുടര്‍ന്നു കൊണ്ടു പോകാന്‍ അനുവദിക്കില്ല. അതിര്‍ത്തിയില്‍ സൈനികള്‍ പാക് ആക്രമണം നേരിടുബോഴാണ് ഇവിടെ ക്രിക്കറ്റ് മത്സരം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ദ്രോഹിക്കാന്‍ ശ്രമിക്കുന്നവരുടെ നാട്ടില്‍നിന്നുള്ളവര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല.  ക്രിക്കറ്റ് ബോളിനെ ബോംബിനോടു താരതമ്യപ്പെടുത്തിയ താക്കറെ ഒരേ സമയത്ത് രണ്ടും എറിയാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. ഇന്ത്യയെ പിന്നില്‍നിന്നു കുത്തുന്ന ഒരു രാജ്യത്തോടൊപ്പം ക്രിക്കറ്റ് കളിക്കുന്നത് അംഗീകരിക്കാനാവില്ല. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍, കൈയില്‍ ബോംബുമായി നില്‍ക്കുന്നവരെയാണു കാണുന്നതെന്നും താക്കറെ പറഞ്ഞു.

വെബ്ദുനിയ വായിക്കുക