ചരിത്രത്തിലെ ഏറ്റവും വലിയ ടെസ്റ്റ് വിജയവുമായി കോഹ്‌ലിപ്പട. ശ്രീലങ്കയ്ക്കെതിരെ നാഗ്പൂരില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്നിങ്സിനും 239 റൺസിനുമായിരുന്നു ഇന്ത്യയുടെ തകര്‍പ്പന്‍ ജയം. കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ശേഷം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ലങ്ക 166 റണ്‍സിന് ഓൾഔട്ടാകുകയായിരുന്നു. ഒരു ദിവസം ബാക്കി നിൽക്കേയാണ് ടെസ്റ്റിൽ ഇന്ത്യയുടെ ആധികാരിക വിജയം.
61 റണ്‍സ് നേടിയ നായകൻ ദിനേശ് ചാണ്ഡിമൽ മാത്രമേ ലങ്കൻ നിരയിൽ അല്പമെങ്കിലും പൊരുതിയുള്ളൂ. 31 റണ്‍ശേടുത്ത സുരങ്ക ലക്മൽ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി ആർ അശ്വിൻ നാല് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, ഇഷാന്ത് ശർമ എന്നിവർ രണ്ടു വീതം വിക്കറ്റുകളും സ്വന്തമാക്കി. ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 300 വിക്കറ്റ് എന്ന റിക്കോർഡും അശ്വിൻ സ്വന്തം പേരിൽ കുറിച്ചു.
21/1 എന്ന നിലയിലാണ് ലങ്ക നാലാം ദിനം തുടങ്ങിയത. എന്നാല്‍ ഉച്ചഭക്ഷണത്തിന് മുമ്പ് തന്നെ ലങ്കയുടെ ഏഴ് വിക്കറ്റുകൾ കൂടി നഷ്ടമായി. എട്ട് വിക്കറ്റ് നഷ്ടമായതോടെ ഉച്ചഭക്ഷണം 15 മിനിറ്റ് കൂടി നീട്ടിവച്ചെങ്കിലും ലക്മലും ചാണ്ഡിമലും പിടിച്ചു നിന്നു. എന്നാൽ ഉച്ചഭക്ഷണത്തിന് പിന്നാലെ ലങ്ക ഓൾ ഔട്ടാവുകയും ചെയ്തു. സ്കോർ: ശ്രീലങ്ക ഒന്നാം ഇന്നിംഗ്സ് 205, രണ്ടാം ഇന്നിംഗ്സ് 166. ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 610/6 ഡിക്ലയേർഡ്.