വാര്‍ണര്‍ക്ക് സെഞ്ചുറി: ഓസീസ് വന്‍ സ്കോറിലേക്ക്

Webdunia
ചൊവ്വ, 6 ജനുവരി 2015 (10:41 IST)
ഇന്ത്യ ഓസ്ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ഓസീസിന് മികച്ച തുടക്കം. ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ (101) തകര്‍പ്പന്‍ സെഞ്ചുറിയുടെ ബലത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 284 എന്ന അവസ്ഥയിലാണ് ഓസീസ്. സ്റ്റീവന്‍ സ്മിത്തും (50*‌) ഷെയിന്‍ വാട്ട്സണുമാണ് (30*‌) ഇപ്പോള്‍ ക്രീസില്‍.

സിഡ്നി ക്രിക്കറ്റ്  ഗ്രൗണ്ടില്‍ പരിക്കേറ്റ് മരണപ്പെട്ട ഫില്‍ ഹ്യൂസിന്റെ ഓര്‍മകളുമായി കളത്തിലിറങ്ങിയ ഓസീസ് ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ക്രിസ് റോജേഴ്‌സും (95) മികച്ച തുടക്കമാണ് അവര്‍ക്ക് നല്‍കിയത്. പതിയ തുടങ്ങിയ ഇരുവരും താളം കണ്ടെത്തിയെ ശേഷം ഇന്ത്യന്‍ ബോളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു. 200 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

സെഞ്ചുറിയിലേക്ക് നീങ്ങിയ റോജേഴ്‌സിനെ മുഹമ്മദ് ഷാമി ബൌള്‍ഡാക്കുകയായിരുന്നു. തുടര്‍ന്ന് സെഞ്ചുറി പൂര്‍ത്തിയാക്കിയ വാര്‍ണര്‍ അശ്വിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു. 114 പന്തുകള്‍ നേരിട്ട വാര്‍ണര്‍ 16 ഫോറുകളാണ് നേടിയത്. പരമ്പരയിലെ മൂന്നാമത്തെ സെഞ്ചുറിയാണ് ഓസ്ട്രേലിയന്‍ ഓപ്പണര്‍ നേടിയത്. സ്കോര്‍ 63ല്‍ എത്തിയപ്പോള്‍ ഡേവിഡ് വാര്‍ണര്‍ ഹ്യൂസ് പരിക്കേറ്റ് വീണ ക്രീസ് ചുംബിച്ച് അഭിവാദ്യമര്‍പ്പിച്ചു. ആദ്യ രണ്ട് ടെസ്റ്റും ജയിച്ച ആസ്ട്രേലിയ ഇതിനകം തന്നെ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. മെല്‍ബണില്‍ നടന്ന മൂന്നാം ടെസ്റ്റ് സമനിലയിലാവുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.