പെര്‍ത്തില്‍ രോഹിത്തിന്റെ (171*) ആക്രമണം; ഓസ്‌ട്രേലിയയ്‌ക്ക് 310 റണ്‍സ് വിജയലക്ഷ്യം
രോഹിത് ശര്‍മ്മയുടെ വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. നിശ്‌ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 309 റണ്‍സാണ് ഇന്ത്യ അടിച്ചു കൂട്ടിയത്. ഓസ്‌ട്രേലിയന്‍ ബോളര്‍മാരെ തരിപ്പണമാക്കിയ രോഹിത് (171*) റണ്‍സാണ് അടിച്ചു കൂട്ടിയത്. രണ്ടാം വിക്കറ്റില്‍ വിരാട് കോഹ്‌ലി (91) രോഹിത് സഖ്യം 207 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 163 പന്തില്‍ നിന്ന് പതിമൂന്ന് ഫോറും ഏഴ് സിക്‍സറുകളും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്‌സ്. 1979ൽ വിവ് റിച്ചാർഡ്സ് നേടിയ 159 റൺസ് എന്ന റെക്കോർഡാണ് 37 വർഷങ്ങൾക്കു ശേഷം രോഹിത് മറികടന്നത്.
ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ ധാവന്‍- രോഹിത് കൂട്ടുക്കെട്ട് 36 റണ്‍സ് കൂട്ടിച്ചേര്‍ത്തുവെങ്കിലും ഏഴാം ഓവറില്‍ ഹോസ്‌ല്‍വുഡിന്റെ പന്തില്‍ മാര്‍ഷിന് ക്യാച്ച് നല്‍കി പുറത്താകുകയായിരുന്നു. തുടര്‍ന്ന് ക്രീസില്‍ ഒത്തുച്ചേര്‍ന്ന കോഹ്‌ലി രോഹിത് സഖ്യം ഓസ്‌ട്രേലിയന്‍ ബോളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു. കോഹ്‌ലി പുറത്തായ ശേഷം ക്രീസിലെത്തിയ ധോണി (18) സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫോക്‍നര്‍ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു. തുടര്‍ന്നെത്തിയ രവീന്ദ്ര ജഡേജ (10*) അവസാന ഓവറുകളില്‍ രോഹിതിന് പിന്തുണ നല്‍കി പുറത്താകാതെ നിന്നു.