ബെല്‍ അടിച്ചു, സ്‌മിത്ത് തിരിച്ചടിച്ചു: ഇംഗ്ലീഷുകാര്‍ പകച്ചുനിന്നു

Webdunia
വെള്ളി, 23 ജനുവരി 2015 (18:40 IST)
അവസാന ഓവര്‍വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ ഓസ്ട്രേലിയക്ക് മൂന്നു വിക്കറ്റ് ജയവും ഫൈനല്‍ ബര്‍ത്തും. ക്യാപ്‌റ്റന്‍ സ്‌മിത്ത് (102*) മുന്നില്‍ നിന്ന് നയിച്ചതോടെ 49.5 ഓവറില്‍ ഓസീസ് ലക്ഷ്യം മറികടക്കുകയായിരുന്നു. സ്മിത്താണ് കളിയിലെ കേമന്‍.

ടോസ് നേടിയ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇയാന്‍ ബെല്‍ (141) മോയിന്‍ അലി (48) സഖ്യം ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 113 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് തീര്‍ത്തത്. പിന്നീട് ജോ റൂട്ട് (69), ബട്ട്ലര്‍ (25) എന്നിവര്‍ മികച്ച പ്രകടനം കാഴ്‌ച വെച്ചതോടെ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 303 റണ്‍സ് നേടുകയായിരുന്നു.

കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് കരുതലോടെയാണ് തുടങ്ങിയത്. ഓപ്പണിംഗില്‍ ഫിഞ്ചും (32) മാര്‍ഷും (45) ചേര്‍ന്ന് മികച്ച തുടക്കമാണ് ഓസീസിന് സമ്മാനിച്ചത്. 76 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ഫിഞ്ച് പുറത്തായെങ്കിലും ക്രീസിലെത്തിയ സ്‌മിത്ത് താളം കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു. വൈറ്റ് (0) പുറത്തായെങ്കിലും മാക്‍സ്വെല്‍ (37), ഫോക്‍നര്‍ (55), ഹാഡിന്‍ (42) എന്നിവര്‍ നായകന് മികച്ച പിന്തുണ നല്‍കിയതോടെ കളി ആവേശത്തിലേക്ക് വഴി മാറുകയായിരുന്നു. ഒരു ബോള്‍ ബാക്കി നില്‍ക്കെ സ്‌മിത്ത് ഓസീസിന് ജയം സമ്മാനിക്കുകയായിരുന്നു. 93 പന്തില്‍ ആറ് ഫോറും ഒരു സിക്സറും അടങ്ങിയതായിരുന്നു സ്മിത്തിന്റെ സെഞ്ചുറി. ഏകദിനത്തില്‍ സ്മിത്തിന്റെ മൂന്നാം സെഞ്ചുറി നേട്ടമാണിത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.