എന്തിനായിരുന്നു ആ ഷോട്ട് ?; തോല്‍വിക്ക് കാരണം പന്തോ ? - ഗാംഗുലിയുടെ വാക്കുകള്‍ തള്ളിക്കളയരുത്!
വെള്ളി, 23 നവംബര്‍ 2018 (16:37 IST)
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി-20യില്‍ ഇന്ത്യ പരാജയം ഏറ്റുവാങ്ങിയെങ്കിലും മഴനിയമമാണ് മത്സരഫലം തിരുത്തി എഴുതിയതെന്ന വിശ്വാസമാണ് ഇന്ത്യന്‍ ആരാധകര്‍ പുലര്‍ത്തുന്നത്.
17 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 158 റൺസാണ് ഓസ്ട്രേലിയ നേടിയത്. ഇത്രയും ഓവറില്‍ ഏഴു വിക്കറ്റ് നഷ്‌ടത്തില്‍ ഇന്ത്യ 169 റണ്‍സും അടിച്ചെടുത്തു. എന്നിട്ടും തോറ്റതിനു കാരണം മഴനിയമ പ്രകാരം വിജയലക്ഷ്യം 174 ആയി പുനർനിർണയിച്ചതായിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം മുന്‍ ക്യാപ്‌റ്റന്‍ സൗരവ് ഗാംഗുലി നടത്തിയ പ്രസ്‌താവന ചര്‍ച്ചയ്‌ക്കെടുത്തിരിക്കുകയാണ് ആരാധകര്‍. ഇന്ത്യയുടെ തോല്‍വിക്ക് കാരണം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ റിഷഭ് പന്തിന്റെ ഉത്തരവാദിത്വമില്ലായ്‌മ ആണെന്നാണ് അദ്ദേഹം തുറന്നടിച്ചത്. നിര്‍ണായക സമയത്ത് പന്ത് പുറത്തായ ഷോട്ടാണ് ഗാംഗുലിയെ പ്രകോപിപ്പിച്ചത്.
റിവേഴ്സ് സ്കൂപ്പിലൂടെ പുറത്തായ പന്ത് ദിനേഷ് കാര്‍ത്തിക്കിനൊപ്പം ക്രീസില്‍ നില്‍ക്കണമായിരുന്നു. പുതിയ ഷോട്ടുകള്‍ കണ്ടെത്തി കളിക്കാന്‍ ശ്രമിക്കാതെ സ്ട്രെയിറ്റ് ബാറ്റുപയോഗിച്ച് കളിക്കാന്‍ പന്ത് ശ്രമിക്കണമെന്നുമാണ് ദാദ വ്യക്തമാക്കിയത്.
ദാദയുടെ വാക്കുകളില്‍ കഴമ്പുണ്ടെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. പന്തും കാര്‍ത്തിക്കും ക്രീസില്‍ നില്‍ക്കുമ്പോള്‍ കളി ഇന്ത്യക്കൊപ്പമായിരുന്നു. 12 പന്തില്‍ 24 റൺസായിരുന്നു വേണ്ടിയിരുന്നത്. കൈവശം ആറു വിക്കറ്റ് അവശേഷിക്കുകയും ചെയ്യുന്നുണ്ട്.
ബെഹ്റൻഡ്രോഫ് എറിഞ്ഞ പതിനാറാം ഓവറില്‍ സ്‌ട്രൈക്ക് കൈമാറാന്‍ പോലും ശ്രമിക്കാതെ പന്ത് അനാവശ്യ ഷോട്ട് കളിച്ച് പുറത്താകുകയായിരുന്നു. മികച്ച രീതിയില്‍ ബാറ്റ് ചെയ്‌തിരുന്ന കാര്‍ത്തിക്ക് ഒപ്പമുള്ളപ്പോഴാണ് യുവതാരം അനാവശ്യ ഷോട്ടിലൂടെ പുറത്തായത്.
പന്ത് പുറത്തായതോടെ സമ്മര്‍ദ്ദം ശക്തമായ കാര്‍ത്തിക്കിന് വന്‍ ഷോട്ടുകള്‍ കളിക്കേണ്ടി വന്നു. മാർക്കസ് സ്റ്റോയ്നിസ് എറിഞ്ഞ അവസാന ഓവറില്‍ 13 റണ്‍സ് വേണ്ടിയിരിക്കെ അദ്ദേഹം പുറത്താകുകയും ചെയ്‌തു.
ഇതാണ് മത്സര ഫലം ഓസീസ് പാളയത്തിലേക്ക് തിരിച്ചു വിട്ടത്.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഗാംഗുലി പന്തിനെതിരെ തിരിഞ്ഞത്. മഹേന്ദ്ര സിംഗ് ധോണിയുടെ പിന്‍ഗാമിയായി ടീമില്‍ എത്തിയ യുവതാരത്തില്‍ നിന്നും ഇതല്ല ടീം പ്രതീക്ഷിക്കുന്നത്. സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെടാതെ ബാറ്റ് ചെയ്യുന്നതിനൊപ്പം നിര്‍ണായ ഘട്ടത്തില്‍ അപകടകരമായ ഷോട്ടുകള്‍ ഒഴിവാക്കണമെന്നും പന്തിനെ ആരാധകര്‍ ഓര്‍മിപ്പിക്കുന്നു.