'നമ്മളെ അപമാനിച്ചവര്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുക, ഈ കിരീടം നമുക്ക് വേണം'; ടി 20 ലോകകപ്പിനുള്ള പാക്കിസ്ഥാന്‍ ടീമിന് ഇമ്രാന്‍ ഖാന്റെ ഉപദേശം

വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (13:37 IST)
ഇന്ത്യ, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരെ ശക്തമായി പോരാടാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ടി 20 ലോകകപ്പ് ടീമിന് ഉപദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ടി 20 ലോകകപ്പിനുള്ള പാക്കിസ്ഥാന്‍ ടീം അംഗങ്ങള്‍ ഇമ്രാന്‍ ഖാനുമായി കൂടിക്കാഴ്ച നടത്തി. 
 
സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പരമ്പരകള്‍ ഉപേക്ഷിച്ച് പാക്കിസ്ഥാനില്‍ നിന്നു തിരിച്ചുപോയ ന്യൂസിലന്‍ഡിനും ഇംഗ്ലണ്ടിനും അതേ നാണയത്തില്‍ മറുപടി നല്‍കണമെന്നാണ് ഇമ്രാന്‍ ഖാന്‍ ഉപദേശിച്ചിരിക്കുന്നത്. തങ്ങളെ അപമാനിച്ച ടീമുകളോട് ടി 20 ലോകകപ്പില്‍ പ്രതികാരം ചെയ്യണമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. 
 
'പാക്കിസ്ഥാന്‍ വളരെ സുരക്ഷിതമായ രാജ്യമാണ്. നിങ്ങള്‍ എല്ലാവരും നിങ്ങളുടെ കഴിവ് വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് മാത്രം ആലോചിക്കുക. രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിനു പാക്കിസ്ഥാന്‍ ഉടന്‍ വേദിയാകും, ദൈവം ആഗ്രഹിക്കുന്നുണ്ട്,' ഇമ്രാന്‍ ഖാന്‍ പറഞ്ഞു. 
 
ടീമിനെ മുന്നില്‍ നിന്ന് നയിക്കണമെന്ന് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന് ഇമ്രാന്‍ ഖാന്‍ ഉപദേശം നല്‍കി. എല്ലാവരെയും ഒരു ടീമെന്ന നിലയില്‍ കൊണ്ടുപോകണം. മുറിവേറ്റ സിംഹത്തെ പോലെ ടീമിനെ നയിക്കണമെന്നും ബാബര്‍ അസമിനോട് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍