ഇതെന്ത് കാലം, ഡ്രെസ്സിംഗ് റൂമിലെ സംസാരങ്ങൾ പുറത്ത് വാർത്തയാകരുത്, തെറ്റ് ചെയ്തത് സർഫറാസെങ്കിൽ മോശം തന്നെ: ഹർഭജൻ സിംഗ്

അഭിറാം മനോഹർ

വെള്ളി, 17 ജനുവരി 2025 (16:04 IST)
Sarfaraz Khan
ഇന്ത്യന്‍ ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ഡ്രസ്സിംഗ് റൂമിലെ രഹസ്യങ്ങള്‍ ചോര്‍ത്തിയത് യുവതാരം സര്‍ഫറാന്‍ ഖാനാണെന്ന് കോച്ച് ഗൗതം ഗംഭീര്‍ ആരോപിച്ചതായുള്ള റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷം ബിസിസിഐ നടത്തിയ അവലോകനയോഗത്തില്‍ ഡ്രസ്സിംഗ് റൂമിലെ രഹസ്യങ്ങള്‍ ചോര്‍ത്തിയത് ഗംഭീര്‍ ആരോപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.
 
റിപ്പോര്‍ട്ടുകളില്‍ പറയുന്ന കാര്യങ്ങള്‍ സത്യമെങ്കില്‍ സര്‍ഫറാസ് ചെയ്തത് വലിയ തെറ്റാണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയും അതിന് ശേഷവും പുതിയ കഥകളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പറ്റി പുറത്തുവരുന്നത്. ഗ്രെഗ് ചാപ്പല്‍ പരിശീലകനായിരുന്ന കാലമാണ് എനിക്ക് ഓര്‍മ വരുന്നത്. ഗ്രൗണ്ടില്‍ ജയവും തോല്‍വിയും ഉണ്ടാകും. അതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ ഡ്രസ്സിംഗ് റൂമിന് പുറത്തുപോകരുത്. സര്‍ഫറാസ് ആണ് രഹസ്യങ്ങള്‍ ചോര്‍ത്തിയതെങ്കില്‍ ഗംഭീര്‍ അവനുമായി സംസാരിക്കുകയാണ് ആദ്യം ചെയ്യേണ്ടിയിരുന്നത്.
 
ജൂനിയര്‍ താരങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കേണ്ടത് സീനിയര്‍ താരങ്ങളുടെ കടമയാണ്. എന്നാല്‍ സര്‍ഫറാസ് അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. അവന്റെ കൂടെ ഇരുന്ന് കാര്യങ്ങള്‍ മനസിലാക്കികൊടുക്കുകയാണ് ചെയ്യേണ്ടത്. 2005-2006 ഗ്രെഗ് ചാപ്പലിന്റെ കാലത്തും ഇത് തന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ സംഭവിച്ചതെന്നും ഹര്‍ഭജന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. മെല്‍ബണ്‍ ടെസ്റ്റിലെ കനത്ത തോല്‍വിക്ക് ശേഷം ഗംഭീര്‍ ഡ്രസ്സിംഗ് റൂമിലെത്തി താരങ്ങളോട് കടുത്ത ഭാഷയില്‍ പ്രതികരിച്ചതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഈ വാര്‍ത്ത പുറത്തെത്താന്‍ കാരണക്കാരനായത് സര്‍ഫറാസ് ഖാനാണെന്ന് ബിസിസിഐ അവലോകനയോഗത്തീല്‍ ഗംഭീര്‍ ആരോപിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍