അവസാന ഓവർ വരെ നീണ്ട ത്രില്ലറിൽ ഇന്ത്യ വീണു, ലോകകപ്പിൽ നിന്നും പുറത്ത്

ഞായര്‍, 27 മാര്‍ച്ച് 2022 (16:20 IST)
വനിതാ ഏകദിന ലോകകപ്പിൽ അവസാന ഓവർ വരെ നീണ്ട ആവേശപോരാട്ടത്തിൽ ഇന്ത്യയെ 3 വിക്കറ്റിന് തകർത്ത് സൗത്താഫ്രിക്ക. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യൻ വനിതകൾ ഉയർത്തിയ 275 റൺസ് വിജയ‌ലക്ഷ്യം അവസാന പന്തിലാണ് സൗത്താഫ്രിക്ക മറികടന്നത്.
 
ഇന്ത്യ ഉയർത്തിയ 275 റൺസ് വിജയല‌ക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് ആറ് റൺസിൽ ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും സഹ ഓപ്പണര്‍ ലോറ വോള്‍വര്‍ട്ടിന്‍റെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി ദക്ഷിണാഫ്രിക്കയ്‌ക്ക് മികച്ച തുടക്കം നല്‍കി. ലോറെ 79 പന്തില്‍ നിന്ന് 11 ബൗണ്ടറികള്‍ സഹിതം 80 റണ്‍സെടുത്തു. ലാറ ഗുഡോണ്‍ 49 ഉം സുന്‍ ലസ് 22 ഉം മാരീസാന്‍ കാപ്പ് 32 ഉം നേടി.
 
ദീപ്‌തി ശർമ്മ എറിഞ്ഞ അവസാന ഓവറിൽ 7 റൺസായിരുന്നു സൗത്താഫ്രിക്കയ്ക്ക് വേണ്ടിയിരുന്നത്.ആദ്യ പന്തില്‍ ഒരു റണ്‍ പിറന്നപ്പോള്‍ രണ്ടാം പന്തില്‍ ത്രിഷ(7) റണ്ണൗട്ടായി. മൂന്ന്, നാല് പന്തുകളില്‍ ഓരോ റണ്‍ വീതം പിറന്നപ്പോള്‍ അഞ്ചാം പന്ത് നാടകീയമായി. പ്രീസ് ഹര്‍മന്‍റെ ക്യാച്ചില്‍ പുറത്തായെങ്കിലും അംപയര്‍ നോബോള്‍ വിളിച്ചു. അടുത്ത രണ്ട് പന്തുകളില്‍ സിംഗിളുകള്‍ നേടി പ്രോട്ടീസ് സെമിയിലെത്തി. പ്രീസ് 52 റൺസുമായി പുറത്താകാതെ നിന്നു.
 
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ സ്‌മൃതി മന്ഥാന, ഷെഫാലി വര്‍മ്മ, മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരുടെ ബാറ്റിംഗ് കരുത്തില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 274 റണ്‍സെടുത്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍