ഐസിസി പ്ലെയർ ഓഫ് മന്ത്: ഒക്ടോബർ മാസത്തെ പട്ടികയിൽ കോലിയും

വ്യാഴം, 3 നവം‌ബര്‍ 2022 (15:43 IST)
ഒക്ടോബറിലെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരത്തിന് പരിഗണിക്കുന്നവരുടെ പട്ടിക ഐസിസി പുറത്തുവിട്ടു. ഇന്ത്യൻ താരം വിരാട് കോലി, ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലർ,സിംബാബ്‌വെ താരം സിക്കന്ദർ റാസ എന്നിവരാണ് ചുരക്കപ്പട്ടികയിലുള്ളത്. ഇതാദ്യമായാണ് ഐസിസി പ്ലെയർ ഓഫ് ദ മന്ത് പട്ടികയിൽ വിരാട് കോലി ഉൾപ്പെടുന്നത്.
 
ലോകകപ്പിന് മുൻപ് എല്ലാ ടീമുകളും ടി20 മത്സരങ്ങളുമായി സജീവമായതിനാൽ ടി20 മത്സരങ്ങളിലെ പ്രകടനങ്ങളാണ് പ്രധാനമായും പരിഗണിക്കുന്നത്. കഴിഞ്ഞ മാസം 4 ടി20 മത്സരങ്ങളാണ് കോലി കളിച്ചത്. ലോകകപ്പിൽ പാകിസ്ഥാനെതിരെ 53 പന്തിൽ 82 റൺസ് നേടിയ പ്രകടനവും ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ മാസം 4 ഇന്നിങ്ങ്സുകളിൽ നിന്ന് 205 ശരാശരിയിൽ 205 റൺസാണ് കോലി നേടിയത്.
 
ഇന്ത്യക്കെതിരായ ടി20 പരമ്പരയിൽ 47 പന്തിൽ പുറത്താകാതെ 106. ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ പുറത്താവാതെ 59 എന്നീ പ്രകടനങ്ങളാണ് മില്ലറെ പരിഗണിക്കാൻ കാരണം. കഴിഞ്ഞ മാസം ഏകദിനത്തിലും ടി20യിലുമായി 303 റൺസാണ് മില്ലർ നേടിയത്. അതേസമയം ലോകകപ്പിൽ ബാറ്റ് കൊണ്ടും ബോളുകൊണ്ടും തിളങ്ങിയാണ് സിംബാബ്‌വെയുടെ സിക്കന്ദർ റാസ പട്ടികയിൽ ഇടം നേടിയത്.
 
ലോകകപ്പിൽ അയർലൻഡിനെതിരെ  47 പന്തില്‍ 82,സ്കോട്‌ലന്‍ഡിനെതിരെ 23 പന്തില്‍ 40 റൺസുമായി ബാറ്റിങ്ങിൽ തിളങ്ങിയ റാസ വിന്‍ഡീസിനെതിരെ 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും പാക്കിസ്ഥാനെതിരെ 25 റണ്‍സിന് മൂന്ന് വിക്കറ്റുമെടുത്തിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍