ശ്രീനിവാസനെ ഐസിസി അധ്യക്ഷസ്ഥാനത്തു നിന്നും പുറത്താക്കും
തിങ്കള്‍, 9 നവംബര്‍ 2015 (11:22 IST)
അഴിമതി ആരോപണങ്ങള്‍ അടക്കം നിരവധി ആരോപണങ്ങളുടെ നിഴലില്‍ നില്ക്കുന്ന എന്‍ ശ്രീനിവാസനെ രാജ്യാന്തര ക്രിക്കറ്റ് കൌണ്‍സിലിലേക്ക് (ഐസിസി) അയക്കേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിച്ചു. മുബൈയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായകമായ ഈ തീരുമാനം ഉണ്ടായത്. യോഗം തുടരുകയാണ്.
ഐസിസിയിലേക്ക് ശ്രീനിവാസനെ അയക്കേണ്ടതില്ലെന്ന് തീരുമാനമായതോടെ ഐസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും ശ്രീനിവാസന് പുറത്താകും. ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹറായിരിക്കും ശ്രീനിവാസനു പകരമായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിനെ പ്രതിനിധികരിക്കുക. ശശാങ്ക് മനോഹറായിരിക്കും ഐസിസി ചെയര്മാന്.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾബോർഡിന്റെ (ബിസിസിഐ) 85-മത് വാർഷിക പൊതുയോഗത്തിലാണ് ഈ കാര്യം തീരുമാനമായത്. ബിസിസിഐയുടെ ഇമേജ് മെച്ചപ്പെടുത്തുന്നതിനായി ഓംബുഡ്സ്മമാനെയോ എത്തിക്സ് ഓഫീസറെയോ നിയമിക്കുന്നത് പൊതുയോഗം ചർച്ച ചെയ്യും. ഐസിസിയിലേക്ക് ശ്രീനിവാസനെ എത്തിക്കേണ്ടതിലെന്നും ബിസിസിഐയില്‍ ധാരണയായിരുന്നു. മറ്റു ഭരണ കാര്യവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും.