മങ്കാദിങ് മാന്യം, ഇനി മുതൽ റണ്ണൗട്ടായി പരിഗണിക്കും: പന്തിൽ തുപ്പൽ പാടില്ല: പുതിയ മാറ്റങ്ങളുമായി ഐസിസി

ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (14:20 IST)
ക്രിക്കറ്റിൽ പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസി. ഐസിസി ചീഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ഐസിസി പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവന്നത്. ഒക്ടോബർ 1 മുതൽ ഇതെല്ലാം പ്രാവർത്തികമാകും.
 
2017ൽ എംസിസി പുറത്തിറക്കിയ പുതുക്കിയ നിയമാവലിയെക്കുറിച്ച് ചർച്ച ചെയ്ത സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ ശുപാർശകൾ ചീഫ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.കൊവിഡ് സാഹചര്യത്തിൽ ബൗളർമാർക്ക് പന്തിൽ തുപ്പൽ പുരട്ടാൻ അനുമതി നിഷേധിച്ചിരുന്നു. ഈ പരിഷ്കാരം വരുന്ന മത്സരങ്ങളിലും തുടരും.
 
ക്രിക്കറ്റിൽ സാധാരണ ബാറ്റർ ക്യാച്ചെടുത്ത് പുറത്താകുമ്പോൾ നോൺ സ്ട്രൈക്കർ എൻഡിലുള്ള ബാറ്റർ പിച്ചിൻ്റെ പകുതി ദൂരം പിന്നിട്ടാൽ സ്ട്രൈക്ക് കിട്ടുമായിരുന്നു. ഇനി മുതൽ പുതുതായി വന്ന ബാറ്റർ ആയിരിക്കും പന്ത് അഭിമുഖീകരിക്കുക. പുതുതായി എത്തുന്ന ബാറ്റർ 2 മിനിറ്റിനകം പന്ത് അഭിമുഖീകരിക്കണം.
 
ബാറ്റർമാർ പിച്ചിൽ നിന്ന് തന്നെ കളിക്കണമെന്നാണ് മറ്റൊരു പരിഷ്കാരം. പിച്ച് വിട്ട് കളിക്കാൻ ബാറ്റർ നിർബന്ധിതനാകുന്ന ഏത് പന്തും നോബൗളായി പരിഗണിക്കും. പന്തെറിയുന്ന ബൗളറുടെ ശ്രദ്ധ തെറ്റിക്കാൻ എതിർ ടീം ശ്രമിച്ചാൽ ബാറ്റിങ് ടീമിൻ്റെ സ്കോറിൽ നിന്നും 5 റൺസ് കുറയ്ക്കും. ക്രിക്കറ്റ് ലോകത്ത് ഏറെ വിവാദമായി മാറിയ മങ്കാദിങ് ഇനി മുതൽ റണ്ണൗട്ടായി കണക്കാക്കും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍