അമ്മയ്ക്ക് അസുഖം വന്നപ്പോൾ ധൈര്യം നൽകിയത് രോഹിത്താണ്, അങ്ങനെയൊരു നായകന് ജീവൻ വേണമെങ്കിലും നൽകാം: അശ്വിൻ

അഭിറാം മനോഹർ
വ്യാഴം, 14 മാര്‍ച്ച് 2024 (19:35 IST)
ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന രാജ്‌കോട്ട് ടെസ്റ്റിനിടെ അമ്മയ്ക്ക് അസുഖം വന്ന സമയത്ത് തനിക്ക് വേണ്ട എല്ലാ പിന്തുണയും നല്‍കി ഒപ്പം നിന്നത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണെന്ന് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. രോഹിത് എന്ന നായകന് വേണ്ടി ജീവന്‍ തന്നെ നല്‍കാനും താന്‍ തയ്യാറാണെന്നും തന്റെ യൂട്യൂബ് ചാനലില്‍ അശ്വിന്‍ പറഞ്ഞു.
 
രാജ്‌കോട്ട് ടെസ്റ്റിന്റെ രണ്ടാം ദിനം ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റെന്ന നേട്ടം സ്വന്തമാക്കാന്‍ എനിക്കായിരുന്നു. ആ സന്തോഷത്തിലാണ് മത്സരം കഴിഞ്ഞ് ഡ്രസിങ് റൂമിലെത്തിയത്. സന്തോഷം പങ്കിടാനായി വീട്ടുകാരുടെ ഫോണ്‍ വിളിക്ക് കാത്തിരുന്നെങ്കിലും ആരും വിളിച്ചില്ല. പിന്നെയാണ് ഞാന്‍ ഭാര്യ പ്രീതിയെ അങ്ങോട്ട് വിളിക്കുന്നത്. അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. അമ്മ തലകറങ്ങി വീണെന്നും അബോധാവസ്ഥയിലാണെന്നും അവള്‍ പറഞ്ഞപ്പോള്‍ ഞാനാകെ തകര്‍ന്നു പോയി. എനിക്ക് കരച്ചിലടക്കാന്‍ സാധിച്ചില്ല എന്നതാണ് സത്യം. ഞാന്‍ കരയുന്നത് ആരും കാണാതിരിക്കാന്‍ റൂമിലേക്ക് പോയ നേരത്താണ് രോഹിത് അങ്ങോട്ട് വരുന്നത്.
 
എന്റെ മാനസികാവസ്ഥയെ പറ്റി അറിയുന്ന പ്രീതി തന്നെ രോഹിത്തിനെ വിളിച്ചിരിക്കാം. റൂമില്‍ വന്നപാടെ ഒന്നും ആലോചിച്ച് നില്‍ക്കണ്ട ബാഗ് പാക്ക് ചെയ്ത് നാട്ടിലേക്ക് മടങ്ങാനാണ് രോഹിത് പറഞ്ഞത്. കൂട്ടിന് ടീം ഫിസിയോ കമലേഷ് ജയ്‌നെയും അയക്കാമെന്ന് രോഹിത് പറഞ്ഞു. ഒറ്റയ്ക്ക് പോകാമെന്ന് പറഞ്ഞും രോഹിത് സമ്മതിച്ചില്ല. യാത്രയില്‍ ഉടനീളം രോഹിത് കമലേഷിനെ ബന്ധപ്പെട്ട് എന്റെ കാര്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു.
 
ഞാന്‍ ഒരു ക്യാപ്റ്റനാണെങ്കിലും രണ്ടാമതൊന്ന് ആലോചിക്കാതെ ഇത്തരത്തില്‍ നാട്ടില്‍ പോകാന്‍ സഹതാരത്തിനോട് പറയുമായിരിക്കും. പക്ഷേ രോഹിത് ചെയ്തത് അതല്ല. എന്നെ നാട്ടിലേക്കയച്ച് ഞാന്‍ തിരിച്ചെത്തുന്നത് വരെ ഞാന്‍ ഓക്കെയാണോ എന്ന കാര്യം അദ്ദേഹം ഉറപ്പിച്ചു. ഒരു നായകനെന്ന നിലയില്‍ രോഹിത് എവിടെ നില്‍ക്കുന്നു എന്നത് ഞാന്‍ തിരിച്ചറിഞ്ഞ ദിവസമാണത്. അശ്വിന്‍ പറഞ്ഞു. അതേസമയം രാജ്‌കോട്ടില്‍ നിന്നും ചെന്നൈയിലേക്ക് മടങ്ങാാന്‍ തനിക്ക് ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പാടാക്കിയത് ചേതേശ്വര്‍ പുജാരയായിരുന്നുവെന്നും അശ്വിന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article