ലോകകപ്പ് ടീമിൽ നിന്നൊഴിവാക്കിയ ഓരോ ആളുകളെയും വിളിച്ചു സംസാരിച്ചിരുന്നു: രോഹിത്

ബുധന്‍, 4 ഒക്‌ടോബര്‍ 2023 (16:23 IST)
ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇത്തവണ പ്രഖ്യാപിച്ചപ്പോള്‍ ടീമില്‍ ഇടം പിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പല താരങ്ങളും ടീമില്‍ നിന്നും പുറത്തായിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമല്ലെങ്കില്‍ കൂടിയും ഇടം നഷ്ടമായ താരങ്ങള്‍ തീരുമാനത്തില്‍ തീര്‍ത്തും നിരാശരാണ്. ഇപ്പോഴിതാ ലോകകപ്പ് ടീം തിരെഞ്ഞെടുപ്പിനെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ നായകന്റെ തുറന്ന് പറച്ചില്‍.
 
ലോകകപ്പ് ടീമിലേക്ക് ആദ്യം പരിഗണിക്കപ്പെട്ടിരുന്ന ചില താരങ്ങളെ അന്തിമ ടീമില്‍ നിന്നും ഒഴിവാക്കുക എന്നത് എളുപ്പമുള്ള തീരുമാനമല്ലായിരുന്നുവെന്നും എന്നാല്‍ വിഷമകരമാണെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ ആ തീരുമാനം എടുക്കേണ്ടി വന്നെന്നും രോഹിത് പറയുന്നു. എല്ലാ തീരുമാനങ്ങളും ടീമിന് വേണ്ടിയാണ് എടുത്തത്. ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട താരങ്ങളെ ഞാന്‍ നേരിട്ട് ബന്ധപ്പെട്ടിരുന്നു. എന്തുകൊണ്ടാണ് ടീമില്‍ ഇടമില്ലാത്തത് എന്നതില്‍ അവര്‍ക്ക് വ്യക്തമായ ധാരണയുണ്ടാകണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
 
ടീമില്‍ നിന്നും ഒഴിവാക്കപ്പെടുമ്പോള്‍ കളിക്കാര്‍ അസ്വസ്ഥരാകും. അത് സ്വാഭാവികമാണ്. ഞാനും അത്തരം ഘട്ടങ്ങളിലൂടെ കടന്നുപോയ കളിക്കാരനാണ്. ടീമില്‍ നിന്നും എങ്ങനെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാമെന്ന് മാത്രമാണ് ഞാന്‍ നോക്കുന്നത്. ആരെല്ലാം ടീമില്‍ വേണമെന്ന് തീരുമാനിക്കുന്നത് ഞാന്‍ മാത്രമല്ല. അതൊരു കൂട്ടായ തീരുമാനമാണ്. സോഷ്യല്‍ മീഡിയയിലെ വിവാദങ്ങളോ ചര്‍ച്ചകളോ താന്‍ ശ്രദ്ധിക്കാറില്ലെന്നും രോഹിത് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍