2008 ഓഗസ്റ്റില്‍ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനിടെയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ആദ്യമായി ദേശീയ ടീമിൽ ഇടംപിടിയ്ക്കുന്നത്. അന്ന് വെറും 19 വയസ് മാത്രമായിരുന്നു കോഹ്‌ലിയുടെ പ്രായം. ഇത്ര ചെറുപ്പത്തിൽ കോഹ്‌ലി ദേശീയ ടീമിൽ എത്തുമെന്ന് അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ താരത്തിന്റെ പ്രതിഭ തിരിച്ചറിഞ്ഞവർക്ക് മറിച്ചായിരുന്നു. അഭിപ്രായം ഇത്ര ചെറു പ്രായത്തിൽ വിരാട് കോഹ്‌ലി ഇന്ത്യന്‍ ടീമില്‍ എത്താനിടയായ കാരണം വെളിപ്പെടുത്തുകയാണ് മുന്‍ സെലക്ടര്‍ ദിലീപ് വെങ്‌സര്‍ക്കാര്‍.
ഓസ്‌ട്രേലിയയില്‍ നടന്ന എമേര്‍ജിങ് പ്ലേയര്‍സ് ടൂര്‍ണമെന്റാണ് കോലിക്ക് ടീമിലേക്കുള്ള വഴി തുറന്നതെന്ന് വെങ്‌സര്‍ക്കാര്‍ പറയുന്നു. 'ന്യൂസിലാന്‍ഡിന് എതിരെയായിരുന്നു ഇന്ത്യയുടെ ആദ്യ മത്സരം. ആദ്യം ബാറ്റു ചെയ്ത ന്യൂസിലാന്‍ഡ് 240 റണ്‍സോളം അടിച്ചെടുത്തു. ഇന്ത്യന്‍ നിരയില്‍ വിരാട് കോഹ്‌ലിയാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ക്രീസില്‍ എത്തിയ കോലി പുറത്താകാതെ 123 റണ്‍സ് നേടി. പക്ഷേ അന്ന് അദ്ദേഹം സെഞ്ച്വറി തികച്ചതല്ല എന്നില്‍ മതിപ്പുളവാക്കിയത്.
കളിയോടുള്ള കോഹ്‌ലിയുടെ സമീപനം കണ്ടപ്പോഴെ ദേശീയ ടീമിൽ ഈ പയ്യൻ സ്ഥാനം അർഹിയ്ക്കുന്നുണ്ട് എന്ന് തോന്നി ഇത്ര ചെറുപ്രായത്തിലെ ഇന്ത്യന്‍ ടീമില്‍ അവസരം നൽകണോ എന്നതായിരുന്നു പ്രധാനമായും ഉയര്‍ന്ന ചോദ്യം. എന്നാല്‍ പ്രായത്തിനപ്പുറമുള്ള മാനസിക പക്വത കോഹ്‌ലി പ്രകടമാക്കി. അങ്ങനെ കോഹ്‌ലിയ്ക്ക് ടീമില്‍ അവസരം കൊടുക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. പിന്നെ നടന്നതെല്ലാം ചരിത്രമായി' വെങ്സർക്കാർ പറഞ്ഞു