യുപി വാരിയേഴ്‌സ് ബാറ്റ് ചെയ്യുമ്പോഴാണ് സംഭവം. 19-ാം ഓവര്‍ പൂര്‍ത്തിയായതിനു പിന്നാലെ ഫീല്‍ഡിങ് ടീമായ മുംബൈ ഇന്ത്യന്‍സിനു അംപയര്‍ ഫീല്‍ഡ് നിയന്ത്രണം വിധിച്ചു. കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് സര്‍ക്കിളിനു പുറത്ത് മൂന്ന് ഫീല്‍ഡര്‍മാരെ മാത്രമേ നിയോഗിക്കാന്‍ സാധിക്കൂ എന്നാണ് അംപയര്‍ അജിതേഷ് അര്‍ഗാള്‍ മുംബൈ നായകന്‍ ഹര്‍മന്‍പ്രീതിനെ അറിയിച്ചത്. ഉടനെ തന്നെ അംപയറുടെ തീരുമാനത്തില്‍ ഹര്‍മന്‍ അതൃപ്തി അറിയിച്ചു. ബാറ്റിങ് ടീമാണ് സമയം വൈകിപ്പിച്ചതെന്ന് ഹര്‍മന്‍ ആരോപിച്ചു. മുംബൈയ്ക്കായി അവസാന ഓവര്‍ എറിയാനെത്തിയ കിവീസ് ഓള്‍റൗണ്ടര്‍ അമേലിയ കെറും അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്തു. ഈ സമയത്താണ് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ഉണ്ടായിരുന്ന സോഫി എക്ലസ്റ്റോണ്‍ വിഷയത്തില്‍ ഇടപെട്ടത്.
അംപയറും ഹര്‍മന്‍പ്രീതും സംസാരിക്കുന്നതിനിടയില്‍ കയറിവന്ന് എക്ലസ്റ്റോണ്‍ എന്തോ പറയുന്നത് വീഡിയോയില്‍ കാണാം. ഹര്‍മന്‍പ്രീതിനു നേരെ എക്ലസ്റ്റോണ്‍ വിരല്‍ചൂണ്ടി സംസാരിക്കുന്നുമുണ്ട്. എക്ലസ്റ്റോണിന്റെ ഇടപെടല്‍ ഇഷ്ടപ്പെടാതിരുന്ന മുംബൈ നായകന്‍ ഹര്‍മന്‍പ്രീത് കൗര്‍ കോപിക്കുകയായിരുന്നു. പിന്നീട് അംപയര്‍മാരും സഹതാരങ്ങളും ഇടപെട്ട് ഇരുവരെയും ശാന്തരാക്കി.