"സൂപ്പർ മാനല്ല, ഇവൻ അതുക്കും മേലെ" 55 പന്തിൽ 158 നോട്ടൗട്ട്!! ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ച് ഹാർദ്ദിക് പാണ്ഡ്യ

അഭിറാം മനോഹർ

വെള്ളി, 6 മാര്‍ച്ച് 2020 (15:01 IST)
ട്വെന്റി ട്വെന്റി ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോഡ് സ്വന്തമാക്കി ഇന്ത്യൻ വെടിക്കെട്ട് താരം ഹാർദ്ദിക് പാണ്ഡ്യ. ഡി വൈ പാട്ടീൽ ട്വെന്റി 20 ടൂർണമെന്റിലെ സെമിഫൈനൽ മത്സരത്തിലാണ് പാണ്ഡ്യ ബൗളർമാർക്കെതിരെ അഴിഞ്ഞാടിയത്. 55 പന്തുകൾ നേരിട്ട പാണ്ഡ്യ 158 റൺസുമായി മത്സരത്തിൽ പുറത്താവാതെ നിന്നു.
 
 ഡി വൈ പാട്ടീൽ ട്വെന്റി 20 ടൂർണമെന്റിൽ മുൻപ് നടന്ന മത്സരത്തിൽ നേരത്തെ 37 പന്തുകളിൽ നിന്നും സെഞ്ച്വറി കണ്ടെത്തി താരം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടി20യിലെ ഒരു ഇന്ത്യൻ കളിക്കാരന്റെ ഏറ്റവും ഉയർന്ന സ്കോറെന്ന റെക്കോഡ് താരം സ്വന്തമാക്കിയിരിക്കുന്നത്. 39 പന്തിൽ നിന്നും സെഞ്ച്വറി കണ്ടെത്തിയ താരം 20 സിക്സറുകളുടെ അകമ്പടിയിലാണ് 158 റൺസുകൾ സ്വന്തമാക്കിയത്. ഗാലറിയുടെ എല്ലാ മൂലയിലേക്കും സിക്സറുകൾ പറത്തിയ ഹാർദ്ദിക് ശ്രേയസ് അയ്യരുടെ സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ സ്ഥാപിച്ച 147 റൺസിന്റെ റെക്കോഡാണ് മറികടന്നത്.
 
പരിക്കിനെ തുടർന്ന് നീണ്ടകാലമായി ഇന്ത്യൻ ടീമിന് വെളിയിലായിരുന്ന ഹാർദ്ദിക്കിന് ടീമിൽ തന്റെ സ്ഥാനം വീണ്ടെടുക്കാനുള്ള അവസരമായിരുന്നു ഡി വൈ പാട്ടീൽ ട്വെന്റി 20 ടൂർണമെന്റ്. നീണ്ടകാലമായി കളിക്കളത്തിൽ നിന്നും ഹാർദ്ദിക് തിരിച്ചെത്തിയ ടൂർണമെന്റിൽ തന്നെ അമ്പരപ്പിക്കുന്ന പ്രകടനമാണ് ഹാർദ്ദിക് പുറത്തെടുക്കുന്നത്. ഈ വർഷം ടി20 ലോകകപ്പ് കൂടെ നടക്കാനിരിക്കെ ഈ പ്രകടനങ്ങൾ ഹാർദ്ദിക്കിനെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍