Gautam Gambhir: 'ദ്രാവിഡിന് കിട്ടിയിരുന്നത് പോരാ, എനിക്ക് കൂടുതല്‍ വേണം'; പ്രതിഫലം കൂടുതല്‍ ആവശ്യപ്പെട്ട് ഗംഭീര്‍

രേണുക വേണു
ചൊവ്വ, 9 ജൂലൈ 2024 (12:08 IST)
Gautam Gambhir: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീര്‍ തന്നെയെന്ന് ബിസിസിഐ. എന്നാല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ആകാത്തതിനാലാണ് ബിസിസിഐ ഔദ്യോഗിക പ്രഖ്യാപനം നടത്താത്തത്. മുഖ്യ പരിശീലകന്റെ പ്രതിഫലം ഉയര്‍ത്തണമെന്ന് ഗംഭീര്‍ ബിസിസിഐയോട് ആവശ്യപ്പെട്ടതായി ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
പ്രതിഫലത്തിന്റെ കാര്യത്തില്‍ ബോര്‍ഡും ഗംഭീറും തമ്മില്‍ സമവായത്തില്‍ എത്തിയാല്‍ ഉടനെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ വാര്‍ഷിക വരുമാനം 12 കോടിയായിരുന്നു. ഇതിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണ് ഗംഭീര്‍ ഇപ്പോള്‍ ബിസിസിഐയോട് ആവശ്യപ്പെടുന്നത്. ഗംഭീര്‍ തന്നെ പരിശീലകനായി വേണമെന്ന നിലപാടിലാണ് ബിസിസിഐ. അതിനാല്‍ ഗംഭീറിന്റെ ആവശ്യങ്ങള്‍ ബോര്‍ഡ് അംഗീകരിച്ചേക്കും. പരിചയ സമ്പത്തിനു അനുസരിച്ച് പ്രതിഫലത്തില്‍ വിലപേശല്‍ ആവാമെന്നാണ് പുതിയ പരിശീലകനു വേണ്ടി ബിസിസിഐ നല്‍കിയ പരസ്യത്തില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗംഭീര്‍ കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടിരിക്കുന്നത്. 
 
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉപദേഷ്ടാവ് സ്ഥാനം ഗംഭീര്‍ ഉപേക്ഷിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഉടന്‍ ഇന്ത്യന്‍ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്ന് ഉറപ്പാണ്. മാത്രമല്ല സപ്പോര്‍ട്ടിങ് സ്റ്റാഫിനെ തിരഞ്ഞെടുക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം ബിസിസിഐ ഗംഭീറിനു നല്‍കിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തെ കരാറില്‍ ആകും ഗംഭീര്‍ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ആകുക. 2027 ലെ ഏകദിന ലോകകപ്പ് വരെ ഗംഭീര്‍ പരിശീലക സ്ഥാനത്ത് തുടരും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article