വർഷം 50 കോടി വരെ പ്രതിഫലം നൽകാൻ ഫ്രാഞ്ചൈസികൾ, ഫുട്ബോൾ ലീഗുകൾ പോലെ ക്രിക്കറ്റും മാറുന്നു?

വ്യാഴം, 27 ഏപ്രില്‍ 2023 (20:22 IST)
ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായുള്ള കരാർ റദ്ദാക്കി ഫ്രാഞ്ചൈസികളുമായി കരാർ ഒപ്പിട്ടാൽ കോടികൾ നൽകാമെന്ന് പ്രമുഖ താരങ്ങൾക്ക് വാഗ്ദാനം. ടൈംസ് ലണ്ടൻ ദിനപത്രമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. വിവിധ ടി20 ലീഗുകളിൽ ടീമുകളുള്ള ഫ്രാഞ്ചൈസികളാണ് ഇംഗ്ലണ്ട് താരങ്ങളെ സമീപിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
 
 കരീബിയൻ പ്രീമിയർ ലീഗ്, എസ് എ ടി20 ലീഗ്,യുഎഇ ഐഎൽ ലീഗ്, അമേരിക്കൻ മേജർ ലീഗ് തുടങ്ങിയ ടി20 ലീഗുകളിൽ വിവിധ ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് ടീമുകളുണ്ട്. ഉടൻ തന്നെ ടി20 ലീഗ് ആരംഭിക്കുമെന്ന് സൗദി അറേബ്യയും അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതിലും ഐപിഎൽ ഫ്രഞ്ചൈസികൾ ടീമുകൾ സ്വന്തമാക്കുമെന്നാണ് റിപ്പോർട്ട്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായുള്ള കരാർ റദ്ദാക്കി തങ്ങളുമായി കരാറിലെത്തിയാൽ ഈ ലീഗുകളിലെല്ലാം തങ്ങളുടെ ഫ്രാഞ്ചൈസികൾക്കായി കളിക്കുന്നതിനായി വർഷം 50 കോടി രൂപ വരെ നൽകാമെന്നാണ് ഫ്രാഞ്ചൈസികളുടെ വാഗ്ദാനം.
 
ഇത്തരമൊരു നീക്കം നടന്നാൽ നിലവിലെ ക്ലബ് ഫുട്ബോൾ ലീഗുകൾക്കും ചാമ്പ്യൻസ് ലീഗിനുമെല്ലാം സമാനമായി ക്രിക്കറ്റും മാറും. ഫുട്ബോളിൽ ക്ലബുകളാണ് രാജ്യാന്തര മത്സരങ്ങൾക്ക് താരങ്ങളെ വിട്ടുനൽകുന്നത്. ക്രിക്കറ്റിൽ ഇത് നേരെ തിരിച്ചാണ്. ഈ രീതിയ്ക്ക് മാറ്റം വരുത്തുന്നതാണ് പുതിയ നടപടികൾ. നിലവിൽ രാജസ്ഥാൻ റോയൽസ്,മുംബൈ ഇന്ത്യൻസ്,കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഹൈദരാബാദ്,പഞ്ചാബ് കിംഗ്സ്, ചെന്നൈ സൂപ്പർ കിംഗ്സ്, ഡൽഹി ക്യാപ്പിറ്റൽസ് എന്നീ ഫ്രാഞ്ചൈസികൾക്കാണ് മറ്റ് ലീഗുകളിൽ ടീമുകളുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍