ഐപിഎല്ലിൽ മുംബൈയ്ക്കും ചെന്നൈയ്ക്കുമൊപ്പം ആരാധകരുള്ള ടീമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഇതുവരെ ഐപിഎൽ കിരീടം സ്വന്തമാക്കാനായില്ലെങ്കിലും ആരാധകർ ഇതുവരെയും തങ്ങളുടെ ഫ്രാഞ്ചൈസിയെ കൈവിട്ടിട്ടില്ല. തുടക്കക്കാലത്ത് ഗെയ്ൽ,ഡിവില്ലിയേഴ്സ്,വിരാട് കോലി എന്നിങ്ങനെ ശക്തമായ ബാറ്റിംഗ് നിരയുണ്ടായിരുന്ന ആർസിബിയുടെ മുൻനിര ഇപ്പോഴും ശക്തമാണ്.
എന്നാൽ കോലി,ഗ്ലെൻ മാക്സ്വെൽ,ഫാഫ് ഡുപ്ലെസിസ് എന്നിവരടങ്ങുന്ന കെജിഎഫ് സഖ്യത്തിലെ താരങ്ങൾ മടങ്ങിയാൽ പിന്നെ എതിർ ടീം ബൗളർമാർക്ക് ചെയ്യാനുള്ളത് ചടങ്ങുകൾ മാത്രമാണെന്നാണ് ഈ ഐപിഎൽ കാണിച്ചുതരുന്നത്. കഴിഞ്ഞ സീസണിലെ വണ്ടർ താരം ദിനേഷ് കാർത്തിക് ടീമിന് പ്രത്യേകിച്ച് യാതൊരു ഗുണവും നൽകുന്നില്ല. കെജിഎഫും മുഹമ്മദ് സിറാജും ഒഴിച്ചാൽ മറ്റൊരു താരത്തിനും ആർസിബിക്കായി ഇമ്പാക്ട് ഉണ്ടാക്കാനായിട്ടില്ല.
ഐപിഎല്ലിലെ എല്ലാ കളികളിലും ഈ മൂന്ന് താരങ്ങൾ ബാറ്റിംഗിൽ അവസാന വരെ നിൽക്കുമ്പോൾ മാത്രമാണ് ആർസിബിക്ക് വിജയിക്കാനാകുന്നുള്ളൂ. ടീം സ്കോർ ഉയർത്താനോ സ്ട്രൈക്ക് കൈമാറി റൺറേറ്റ് ഉയർത്താനോ മറ്റ് താരങ്ങൾ തയ്യാറാകാത്തതിനാൽ തന്നെ ടീമിൻ്റെ മുഴുവൻ ഉത്തരവാദിത്വവും മൂന്ന് കളിക്കാരിൽ മാത്രമായി ചുരുങ്ങുകയാണ്. കെജിഎഫിലെ മൂന്ന് പേരും മടങ്ങിയാൽ ആർസിബി ബാറ്റിംഗ് ഡിക്ലെയർ ചെയ്യുന്നതാണ് ഇങ്ങനെ നാണം കെടുന്നതിലും നല്ലതെന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്.