ഓസീസിനെ രക്ഷിക്കാന്‍ ആ ഇടിവെട്ട് താരം തിരിച്ചെത്തുമോ ?; വരണമെന്ന് ആരാധകര്‍
തിങ്കള്‍, 9 ഏപ്രില്‍ 2018 (14:25 IST)
ക്രിക്കറ്റ് ലോകത്തെ വമ്പന്മാരായ ഓസ്‌ട്രേലിയന്‍ ടീം ഇതുവരെ നേരിടാത്ത കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മുന്നാം ടെസ്‌റ്റില്‍ പന്തില്‍ കൃത്യമം നടത്തിയതു മൂലം സ്‌റ്റീവ് സ്‌മിത്ത് ഡേവിഡ് വാര്‍ണര്‍ എന്നീ സൂപ്പര്‍ താരങ്ങള്‍ വിലക്ക് നേരിടുന്നതാണ് കങ്കാരുക്കളെ അലട്ടുന്നത്.
വാര്‍ണറും സ്‌മിത്തും ഒഴിവാക്കപ്പെട്ടതിന് പിന്നാലെ ടീം കടുത്ത സമ്മര്‍ദ്ദത്തിലാണ്. ലോകത്തിന് മുമ്പില്‍ തലകുനിക്കേണ്ടി വന്നതിനൊപ്പം സ്വന്തം ആരാധകര്‍ പോലും കൈവിട്ടതാണ് ഓസീസിനെ മാനസികമായി തകര്‍ത്തത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിര്‍ണായക നാലാം ടെസ്‌റ്റില്‍ 492 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയതും ഇതിന്റെ ഭാഗമായിരുന്നു.
എന്നാല്‍, കഴിഞ്ഞ ദിവസം മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് നടത്തിയ ഒരു പ്രസ്‌താവനയാണ് ക്രിക്കറ്റ് ലോകത്തിപ്പോള്‍ ചര്‍ച്ചയാകുന്നത്. ടീമിനെ സഹായിക്കാന്‍ താന്‍ ഒരുക്കമാണെന്ന കമന്റാണ് അദ്ദേഹം നല്‍കിയത്.
“ഓസീസ് ടീമിനെ സഹായിക്കാന്‍ ഞാന്‍ തയ്യാറാണ്, അതിനായി എന്തും ചെയ്യാം. പ്രായത്തെക്കുറിച്ചോര്‍ത്ത് എനിക്ക് ആശങ്കയില്ല. ഇപ്പോഴും നല്ല കായികക്ഷമതയുള്ള വ്യക്തിയാണ് ഞാന്‍, അതിനാല്‍ ഇക്കാര്യത്തില്‍ എനിക്ക് സംശയമില്ല. ബ്രാഡ് ഹോഗ് 45മത് വയസിലും കളിച്ചില്ലേ. നമ്മുടെ സമര്‍പ്പണവും താല്‍പര്യവുമാണു പ്രധാനം” - എന്നായിരുന്നു ക്ലാര്‍ക്കിന്റെ പ്രസ്‌താവന.
ഓസ്‌ട്രേലിയ്‌ക്കായി ലോകകപ്പ് ഉള്‍പ്പെടയുള്ള നേട്ടങ്ങള്‍ സമ്മാനിച്ച ക്ലാര്‍ക്കിന്റെ വാക്കുകള്‍ പ്രതീക്ഷയോടെയാണ് ആരാധകര്‍ വീക്ഷിക്കുന്നത്. അദ്ദേഹം ടീമിലേക്ക് തിരിച്ചെത്തണമെന്ന ആവശ്യമാണ് ഓസീസ് ആരാധകര്‍ ഉന്നയിക്കുന്നത്. സമ്മര്‍ദ്ദത്തില്‍ നിന്നും ടീമിനെ രക്ഷിക്കാന്‍ ക്ലാര്‍ക്കിന് കഴിയുമെന്ന നിഗമനത്തിലാണ് ആരാധകര്‍. അതേസമയം, ക്ലാര്‍ക്കിന്റെ വാക്കുകളോട് പ്രതികരിക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ തയ്യാറായിട്ടില്ല.