എഡ്ജ് ബാസ്റ്റണ്‍ ടെസ്റ്റിലെ പരാജയത്തിന് പിന്നാലെ ഇംഗ്ലണ്ട് പേസര്‍ ഒലി റോബിന്‍സണിനെതിരെ വിമര്‍ശനവുമായി മുന്‍ ഓസീസ് താരങ്ങള്‍. മത്സരത്തില്‍ ഓസീസ് ഓപ്പണര്‍ ഉസ്മാന്‍ ഖവാജയെ പുറത്താക്കാനായി ഇംഗ്ലണ്ട് പരീക്ഷിച്ച ഫീല്‍ഡ് ക്രമീകരണം വലിയ ചര്‍ച്ചയായിരുന്നു. ഉസ്മാന്‍ ഖവാജയെ പുറത്താകിയതിന് പിന്നാലെ സ്ലെഡ്ജിങ്ങുമായി ഒലി റോബിന്‍സണ്‍ എത്തിയതാണ് മുന്‍ ഓസീസ് താരങ്ങളെ പ്രകോപിപ്പിച്ചത്. കാലങ്ങളായി ഓസീസ് താരങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ തിരിച്ചുനല്‍കുക മാത്രമെ താന്‍ ചെയ്തിടുള്ളു എന്നാണ് ഖവാജക്കെതിരായ മോശം പെരുമാറ്റത്തിന് ഒലി റോബിന്‍സണ്‍ മറുപടി നല്‍കിയത്.
അതേസമയം വെറും 124 കിലോ മീറ്റര്‍ പേസില്‍ ബൗള്‍ ചെയ്യുന്ന പേസറാണ് ഒലി റോബിന്‍സണ്‍ എന്നും എന്നിട്ടാണ് അവനിത്ര ആവേശപ്രകടനമെന്നും മുന്‍ ഓസീസ് താരമായ മാത്യു ഹെയ്ഡന്‍ താരത്തെ പരിഹസിച്ചു. മുൻ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ് മുന്‍പ് ഇംഗ്ലീഷ് താരങ്ങളോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും അന്നൊന്നും ഒരു കുഴപ്പവും ഇല്ലായിരുന്നുവല്ലോ എന്നും റോബിന്‍സൺ മറുപടി നൽകി. റോബിൻസണിൻ്റെ മറുപടിക്ക് അദ്ദേഹം അനാവശ്യമായി തന്റെ പേര് വലിച്ചിടുകയാണെന്നും സ്വന്തം കളിയില്‍ ശ്രദ്ധിക്കാനാണ് അദ്ദേഹം ശ്രമിക്കേണ്ടതെന്നും പോണ്ടിംഗ് പറഞ്ഞു. ആഷസില്‍ ഓസീസ് താരങ്ങളെ പ്രകോപിപ്പിക്കുന്നതിനേക്കാള്‍ സ്വന്തം കഴിവുകള്‍ മെച്ചപ്പെടുത്താനാണ് റോബിന്‍സണ്‍ ശ്രമിക്കേണ്ടതെന്നും പോണ്ടിംഗ് പറഞ്ഞു.