കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി ഏകദിന ക്രിക്കറ്റ് ഒരു പൊളിച്ചെഴുത്തിന്റെ പാതയിലാണ്. 280+ റണ്‍സ് മികച്ച ടോട്ടലായിരുന്ന കാലത്തില്‍ നിന്ന് മാറി 350 റണ്‍സ് പോലും സുരക്ഷിതമല്ലെന്ന നിലയിലാണ് ക്രിക്കറ്റിന്റെ മാറ്റം സംഭവിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ കൂടുതല്‍ വേഗത്തില്‍ റണ്‍സ് നേടാന്‍ സാധിക്കുന്ന താരങ്ങള്‍ എല്ലാ ടീമിലുമുണ്ട്. എന്നാല്‍ ക്രിക്കറ്റിന്റെ ഏറ്റവും വലിയ സ്‌റ്റേജില്‍ ഈ പ്രകടനമികവ് തുടരുക എന്നത് എളുപ്പമുള്ള കാര്യമില്ല. ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയാര്‍ന്ന സെഞ്ചുറികള്‍ പരിശോധിക്കാം.
2011ലെ ഏകദിനലോകകപ്പില്‍ ഇംഗ്ലണ്ടിനെ അയര്‍ലന്‍ഡ് അട്ടിമറിച്ച മത്സരത്തിലായിരുന്നു ലോകകപ്പിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയും പിറന്നത്. ഐറിഷ് ഓള്‍ റൗണ്ടറായ കെവിന്‍ ഒബ്രയാന്‍ അന്ന് 50 പന്തുകളിലാണ് സെഞ്ചുറി നേട്ടം സ്വന്തമാക്കിയത്. 63 പന്തില്‍ നിന്നും 13 ഫോറും 6 സിക്‌സും സഹിതം 113 റണ്‍സായിരുന്നു അന്ന് ഒബ്രയാന്‍ സ്വന്തമാക്കിയത്. ഓസീസ് ഓള്‍റൗണ്ടറായ ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ പേരിലാണ് ഏകദിന ലോകകപ്പിലെ വേഗതയാര്‍ന്ന രണ്ടാമത്തെ സെഞ്ചുറി. 2015ലെ ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ 51 പന്തിലായിരുന്നു മാക്‌സ്വെല്ലിന്റെ സെഞ്ചുറി. 52 പന്തില്‍ നിന്നും സെഞ്ചുറി സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എ ബി ഡിവില്ലിയേഴ്‌സിന്റെ പേരിലാണ് വേഗതയേറിയ മൂന്നാം സെഞ്ചുറിയുള്ളത്. വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ 162* റണ്‍സാണ് ഡിവില്ലിയേഴ്‌സ് അടിച്ചെടുത്തത്.