ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഇരട്ട സെഞ്ചുറിയെന്ന റെക്കോര്‍ഡ് തകര്‍ന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്‌റ്റില്‍ ഇംഗ്ലണ്ട് താരം ബെന്‍ സ്‌റ്റോക്‌സ് നേടിയ ഇരട്ടസെഞ്ചുറിയാണ് വീരുവിന്റെ റെക്കോര്‍ഡ് തകര്‍ത്തത്.
ഏകദിന ശൈലിയില്‍ കളിച്ച സ്‌റ്റോക്‌സ് 198 പന്തില്‍ 11 സിക്‌സറും 30 ഫോറുമടക്കം 258 റണ്ണുമായി പുറത്തായി. 105 പന്തിലാണ് സ്‌റ്റോക്‌സ് ആദ്യസെഞ്ചുറി നേടിയത്. 150 ലെത്താന്‍ 135 പന്തുകള്‍ മാത്രമാണു സ്‌റ്റോക്‌സ് നേരിട്ടത്.
സ്‌റ്റോക്‌സിന്റെ (258) വെടിക്കെട്ടില്‍ ഒരുപിടി റെക്കോര്‍ഡുകള്‍ തകരുകയും ചെയ്‌തു.
220 പന്തില്‍ ഇരട്ടസെഞ്ചുറി നേടിയ ഇയാന്‍ ബോതത്തിന്റെ റെക്കോര്‍ഡും തരിപ്പണമായി. ടെസ്‌റ്റില്‍ ഏറ്റവും വേഗത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ എന്ന റെക്കോഡും സ്‌റ്റോക്‌സ് സ്വന്തമാക്കി. ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറടിക്കുന്ന ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ എന്ന റെക്കോഡും സ്‌റ്റോക്‌സ് സ്വന്തമാക്കി.
ന്യൂസിലന്‍ഡിന്റെ മുന്‍ താരം നഥാന്‍ ആസ്‌ലെയാണ് (153 പന്തില്‍ ഇരട്ട സെഞ്ചുറി) ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ചുറിയുടെ റെക്കോര്‍ഡ് കൈവശം വെച്ചിരിക്കുന്നത്.