ജയം തുടരാന്‍ ടീം ഇന്ത്യ വീണ്ടും

Webdunia
ശനി, 30 ഓഗസ്റ്റ് 2014 (10:09 IST)
തുടർച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ട് ഇംഗ്ളണ്ടിനെതിരായ ഏകദിന പരമ്പരയിലെ  മൂന്നാം മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 2-0ന് മുന്നിലത്തെുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം.

കാർഡിഫ് ഏകദിനത്തിൽ നേടിയ 133 റൺസിന്റെ ജയം നൽകുന്ന ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ കുക്കിനെയും സംഘത്തെയും നേരിടാൻ നോട്ടിംഗ്ഹാമിൽ  ഇറങ്ങുന്നത്. കഴിഞ്ഞ കളിയില്‍ ഓപണറായിറങ്ങി അര്‍ധശതകം നേടിയ രോഹിത് ശര്‍മക്ക് പരിക്കേറ്റത് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് അല്‍പം മങ്ങലേല്‍പിച്ചിരിക്കുകയാണ്. പകരമായി മുരളി വിജയിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ കളിയിലെ വിജയശില്‍പിയായ സുരേഷ് റെയ്നയിലാണ് ഇന്ത്യന്‍ മധ്യനിരയുടെ പുതിയ പ്രതീക്ഷ. ബൌളിംഗില്‍ രവീന്ദ്ര ജഡേജ ഫോം നിലനിര്‍ത്തുമെന്നാണ് ഇന്ത്യം ക്യാപ് പ്രതീക്ഷിക്കുന്നത്. കൂടാതെ  ആറുമാസം മാത്രം അകലെയുള്ള ലോകകപ്പ് മുന്നില്‍കണ്ട് സ്ഥിരതയാര്‍ന്ന പ്രകടനം ടീമില്‍നിന്ന് ഉറപ്പാക്കുക എന്നതും ക്യാപ്റ്റന്‍ ധോണിക്ക് മുന്നിലുണ്ട്. മറുവശത്ത് വിജയം നേടി പരമ്പരയിൽ  തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലാണ് ഇംഗ്ളണ്ട്.

കഴിഞ്ഞ കളിയില്‍ അലക്സ് ഹെയ്ല്‍സും ക്രിസ് വോക്സും മാത്രമാണ് അല്‍പമെങ്കിലും ചെറുത്തുനില്‍പ് പ്രകടിപ്പിച്ചത്. മൂന്നാം ഏകദിനവും കൈവിട്ടാല്‍ അലിസ്റ്റര്‍ കുക്കിനും സംഘത്തിനും മുന്നോട്ട് കാര്യങ്ങള്‍ എളുപ്പമാകില്ല. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതലാണ് മത്സരം.