എന്തുകൊണ്ട് ഇന്ത്യൻ ടീമിൽ നിന്നും പുറത്താക്കിയെന്ന് എനിക്ക് ഇപ്പോഴും അറിയില്ല: പൃഥ്വി ഷാ

വ്യാഴം, 10 ഓഗസ്റ്റ് 2023 (19:23 IST)
ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായതിനുള്ള കാരണം തനിക്ക് ഇപ്പോഴും അറിയില്ലെന്ന് യുവതാരം പൃഥ്വി ഷാ. റോയല്‍ വണ്‍ഡേ കപ്പില്‍ നോര്‍ത്താംപ്റ്റണ്‍ഷെയറിനായി ഇരട്ടസെഞ്ചുറി നേടിയതിന് പിന്നാലെയാണ് പൃഥ്വി ഷായുടെ പ്രതികരണം.
 
ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടപ്പോള്‍ എനിക്കതിന്റെ കാരണം എന്താണെന്ന് അറിയില്ലായിരുന്നു. പിന്നീട് ആരോ പറഞ്ഞാണ് അറിയുന്നത് ശാരീരികക്ഷമത ഇല്ലാത്തത് കൊണ്ടാണ് പുറത്താക്കിയതെന്ന്. ഞാന്‍ പിന്നീട് ദേശിയ ക്രിക്കറ്റ് അക്കാദമിയില്‍ എന്റെ ശാരീരികക്ഷമത തെളിയിച്ചു. എന്നിട്ടും എന്നെ ടീമിലേക്ക് പരിഗണിച്ചില്ല. അതിന് ശേഷം ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സ് അടിച്ചുകൂട്ടിയതിനെ തുടര്‍ന്ന് ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഉള്‍പ്പെടുത്തി. പക്ഷേ ഒരു മത്സരം പോലും കളിപ്പിച്ചില്ല.
 
വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിലും അവസരം ലഭിക്കാത്തതില്‍ നിരാശയുണ്ട്. പക്ഷേ മുന്നോട്ട് പോയെ മതിയാകു. ആരുമായും ഞാന്‍ പോരാട്ടത്തിനില്ല. പൃഥ്വി ഷാ പറഞ്ഞു. അതേസമയം റോയല്‍ വണ്‍ഡേ കപ്പില്‍ നോര്‍ത്താംപ്റ്റണ്‍ഷെയറിനായി 154 പന്തില്‍ 28 ഫോറും 11 സിക്‌സും സഹിതം 244 റണ്‍സാണ് പൃഥ്വി ഷാ അടിച്ചുകൂട്ടിയത്. ഇന്ത്യയ്കായി ലോകകപ്പ് നേടുന്നതും 12-14 വര്‍ഷം രാജ്യത്തിനായി കളിക്കുന്നതുമാണ് തന്റെ സ്വപ്നമെന്നും പൃഥ്വി ഷാ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍