പ്രായം തളര്‍ത്താത്ത പോരാട്ടവീര്യവുമായാണ് ദിനേശ് കാര്‍ത്തിക് ഐപിഎല്‍ 15-ാം സീസണിലേക്ക് എത്തിയിരിക്കുന്നത്. കോടികള്‍ ചെലവഴിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തന്നെ സ്വന്തമാക്കിയത് എന്തിനാണെന്ന് കാര്‍ത്തിക്കിന് നല്ല ബോധ്യമുണ്ട്. തുടക്കം മുതല്‍ ഒരു ഫിനിഷറുടെ റോളിലേക്ക് കാര്‍ത്തിക്കിനെ വളര്‍ത്തിയെടുക്കുകയായിരുന്നു ആര്‍സിബി ക്യാംപ് ചെയ്തത്. അത് ഫലം കാണുകയും ചെയ്തു.
36 കാരനായ കാര്‍ത്തിക് ലക്ഷ്യമിടുന്നത് വീണ്ടും ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കുകയെന്ന സ്വപ്‌ന നേട്ടത്തിലേക്കാണ്. ആര്‍സിബിക്ക് വേണ്ടി ഇതുവരെ 131 റണ്‍സാണ് കാര്‍ത്തിക് നേടിയത്. അതും 218.33 സ്‌ട്രൈക് റേറ്റോടെ. പേരുകേട്ട പല വെടിക്കെട്ട് യുവതാരങ്ങളും റണ്‍സ് കണ്ടെത്താന്‍ പാടുപെടുന്നിടത്താണ് 36 കാരനായ കാര്‍ത്തിക്കിന്റെ ആറാട്ട്. കളിച്ച അഞ്ച് കളികളില്‍ നാലിലും കാര്‍ത്തിക് നോട്ട്ഔട്ടാണ്.
36 വയസ്സായിട്ടും ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് കാര്‍ത്തിക് ആലോചിക്കുന്നില്ല. കാരണം, ഇനിയും എന്തൊക്കെയോ ചെയ്യാന്‍ തനിക്കുണ്ടെന്ന് കാര്‍ത്തിക് ഉറച്ചുവിശ്വസിക്കുന്നു. അതിനായി പരിശ്രമം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഓസ്‌ട്രേലിയയില്‍ നടക്കാന്‍ പോകുന്ന ട്വന്റി 20 ലോകകപ്പ് തന്നെയാണ് കാര്‍ത്തിക്കിന്റെ ലക്ഷ്യം. മഹേന്ദ്രസിങ് ധോണിയുടെ വിടവ് നികത്താന്‍ ഇതുവരെ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. ആ സ്ഥാനത്തിനു താന്‍ അനുയോജ്യനാണെന്ന് കാര്‍ത്തിക് ഓരോ കളി കഴിയും തോറും അരക്കിട്ടുറപ്പിക്കുന്നു.
റിഷഭ് പന്തിനെ കൂടാതെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയില്‍ ഇന്ത്യ പരിഗണിച്ചിരുന്ന ഇഷാന്‍ കിഷന്‍ ഇത്തവണ നിരാശപ്പെടുത്തുകയാണ്. സഞ്ജു സാംസണ്‍ സ്ഥിരത പുലര്‍ത്താന്‍ സാധിക്കാതെ കഷ്ടപ്പെടുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ ദിനേശ് കാര്‍ത്തിക്കിന് സാധ്യതകള്‍ തെളിയുന്നുണ്ട്. കാര്‍ത്തിക്കിന്റെ പ്രകടനം ബിസിസിഐയും ഉറ്റുനോക്കുകയാണ്.