മഹേന്ദ്ര സിംഗ് ധോണിയെ ഇന്ത്യയുട്രെ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയേക്കുമെന്ന് സൂചന. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയെ പുതിയ നായകനായിരിക്കും നയിക്കുകയെന്ന വാര്‍ത്തകള്‍ പുറത്തുവന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20, ഏകദിന ടീമിനെ തെരഞ്ഞെടുക്കാന്‍ ഈ മാസം 15ന് സെലക്ടര്‍മാര്‍ യോഗം ചേരുന്നുണ്ട്. അതിനു ശേഷം തീരുമാനം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി തന്നെയായിരിക്കും ഏകദിന ടീമിനെയും നയിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഏകദിനത്തില്‍ നിന്ന് മാറ്റിയാലും അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പ് കൂടി പരിഗണിച്ച് ട്വന്റി-20യില്‍ ധോണിയെ തന്നെ ക്യാപ്റ്റനാക്കി നിലനിര്‍ത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ടെസ്റ്റിനും ഏകദിനത്തിനും രണ്ട് ക്യാപ്റ്റന്‍മാരെ നിയോഗിക്കുന്നത് ടീമിന്റെ തന്ത്രങ്ങളെയും കളിക്കാരുടെ സമീപനങ്ങളെയും ബാധിക്കാനിടയുണ്ടെന്നാണ് സെലക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്.
കോഹ്‌ലിയെ ഏകദിനത്തിലും നായകനാക്കണമെന്ന വിഷയം കഴിഞ്ഞ സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍തന്നെ പരിഗണനയ്ക്ക് വന്നതാണെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ ഏകദിനങ്ങളില്‍ ധോണിയുടെ റെക്കോര്‍ഡ് പരിഗണിച്ച് അദ്ദേഹത്തിന് അവസരം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇന്ത്യ കൂടുതലും നാട്ടിലാണ് കളിക്കുന്നത് എന്നതിനാല്‍ പുതിയ ക്യാപ്റ്റനെ തെരഞ്ഞെടുക്കാന്‍ ഇതാണ് ഉചിതമായ സമയമെന്നും സെലക്ടര്‍മാര്‍ പറയുന്നു.