Ind vs Eng: അഞ്ചാം ടെസ്റ്റിലെ റിസൾട്ട് പ്രധാനമല്ല, പാട്ടീധാർ തന്നെ മധ്യനിരയിൽ കളിച്ചേക്കും

അഭിറാം മനോഹർ
ഞായര്‍, 3 മാര്‍ച്ച് 2024 (08:47 IST)
മോശം പ്രകടനത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയനാകുന്ന താരമാണെങ്കിലും അഞ്ചാം ടെസ്റ്റിലും പ്ലേയിംഗ് ഇലവനില്‍ രജത് പാട്ടീദാര്‍ തന്നെ കളിക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 3 ടെസ്റ്റ് മത്സരങ്ങളിലും കളിച്ച താരത്തിന് ലഭിച്ച അവസരങ്ങള്‍ ഒന്നും തന്നെ മുതലാക്കാനായിരുന്നില്ല. അഞ്ചാം ടെസ്റ്റില്‍ നിന്നും താരത്തെ ഒഴിവാക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് പാട്ടീദാറിനെ നിലനിര്‍ത്താനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനം.
 
ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര ഇന്ത്യ 31 ന് ഇതിനകം തന്നെ സ്വന്തമാക്കി കഴിഞ്ഞു. ധരംശാലയില്‍ പരാജയപ്പെട്ടാലും പരമ്പരയില്‍ മാറ്റങ്ങളൊന്നും സംഭവിക്കില്ല എന്നതിനാല്‍ തന്നെ രജത് പാട്ടീദാറിന് ഒരു അവസരം കൂടെ നല്‍കാനാണ് ടീം മാനേജ്‌മെന്റ് നീക്കം. നേരത്തെ പാട്ടീദാറിന് പകരമായി അഞ്ചാം ടെസ്റ്റില്‍ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മികച്ച റെക്കോര്‍ഡ് പരിഗണിച്ചാണ് പാട്ടീദാറിന് ഒരു അവസരം കൂടെ നല്‍കുന്നത്.
 
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 2 തവണ പൂജ്യത്തിന് പുറത്തായ രജത് പാട്ടീദാര്‍ 32,9,5,17, എന്നിങ്ങനെയാണ് മറ്റ് ഇന്നിങ്ങ്‌സുകളില്‍ നിന്നും നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 99 ഇന്നിങ്ങ്‌സുകളില്‍ 12 സെഞ്ചുറികളോടെ 43.68 ശരാശരിയില്‍ 4063 റണ്‍സ് പാട്ടീദാറിനുണ്ട്. മാര്‍ച്ച് ഏഴിനാണ് ഇന്ത്യ ഇംഗ്ലണ്ട് അവസാന ടെസ്റ്റ്.

അനുബന്ധ വാര്‍ത്തകള്‍

Next Article