വനിതാ- പുരുഷ വിഭാഗങ്ങളിലെ എല്ലാ ലോകകപ്പുകളും സ്വന്തം, ക്രിക്കറ്റെന്നാൽ ഫൈനലിൽ ഓസീസ് ജയിക്കുന്ന സിമ്പിൾ ഗെയിമോ ?

അഭിറാം മനോഹർ

ചൊവ്വ, 13 ഫെബ്രുവരി 2024 (14:40 IST)
1980-90കളിലെ ജര്‍മന്‍ ഫുട്‌ബോള്‍ ടീമിനെ പറ്റി ഇംഗ്ലണ്ട് ഇതിഹാസ താരമായ ഗാരി ലിനേക്കര്‍ വിശേഷിപ്പിച്ചത് ഫുട്‌ബോള്‍ വളരെ സിമ്പിളായ ഗെയിമാണ്. 22 കളിക്കാര്‍ 90 മിനിറ്റ് കളിക്കുന്നു.അവസാനം ജര്‍മനി വിജയിക്കുന്നു എന്നാണ്. ഈ വിശേഷണം തീര്‍ത്തും അര്‍ഹിക്കുന്ന ടീമാണ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയ. 2001-2007 കാലഘട്ടത്തിലെ സര്‍വാധിപത്യം പുരുഷ വിഭാഗത്തില്‍ അവകാശപ്പെടാനില്ലെങ്കിലും നിലവിലെ പുരുഷ വനിതാ വിഭാഗങ്ങളിലെല്ലാം കിരീടം ഓസ്‌ട്രേലിയയുടെ കൈവശമാണെന്നുള്ളത് മറക്കാവുന്ന കാര്യമല്ല.
 
ഇന്നലെ നടന്ന അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ കിരീടം നേടി അണ്ടര്‍ 19 വിഭാഗത്തില്‍ തങ്ങളുടെ നാലാമത്തെ കിരീടമാണ് ഓസീസ് നേടിയത്. സീനിയര്‍ ലെവലില്‍ 6 ലോകകപ്പ് നേട്ടങ്ങളാണ് ഓസീസിനുള്ളത്. കഴിഞ്ഞ വര്‍ഷം നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും സീനിയര്‍ ലോകകപ്പ് ഫൈനലിലും ഇന്ത്യ ഓസീസിനോട് പരാജയപ്പെട്ടിരുന്നു. നിലവില്‍ വനിതാ വിഭാഗത്തിലെ ടി20 കിരീടവും ഏകദിന കിരീടവും ഓസീസിന്റെ പേരിലാണ്, പുരുഷവിഭാഗത്തില്‍ ഇംഗ്ലണ്ടിന്റെ പക്കലിലാണ് ടി20 ലോകകപ്പ് ഇപ്പോഴുള്ളത്. എന്നാല്‍ 2021ല്‍ കിരീടനേട്ടം സ്വന്തമാക്കി ടി20 വിഭാഗത്തിലും ഒരു ലോകകപ്പ് സ്വന്തമാക്കാന്‍ ഓസീസിനായിരുന്നു.
 
സ്ത്രീകളുടെ വിഭാഗത്തിലാണെങ്കില്‍ 7 തവണ ഏകദിന ലോകകപ്പ് നേട്ടം ഓസീസ് സ്വന്തമാക്കി കഴിഞ്ഞു. പുരുഷമാരേക്കാള്‍ ഒരു ലോകകപ്പ് കിരീടം അധികം. ഇനി ടി20 ലോകകപ്പിന്റെ എണ്ണമാണെങ്കില്‍ 6 ലോകകിരീടങ്ങളാണ് വനിതാ ടീമിനുള്ളത്. വുമണ്‍സ് ചാമ്പ്യന്‍ഷിപ്പില്‍ 2 തവണ വിജയികളാകാനും ഓസീസ് വനിതാ ടീമിനായിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍