India U19 vs Australia U19, Final: ഓസ്‌ട്രേലിയയെ കണ്ടാല്‍ മുട്ടുവിറ, കവാത്ത് മറക്കും; ചേട്ടന്‍മാരുടെ പാതയില്‍ അണ്ടര്‍ 19 ടീമും, ലോകകപ്പ് ഫൈനലില്‍ തോല്‍വി

രേണുക വേണു

തിങ്കള്‍, 12 ഫെബ്രുവരി 2024 (09:10 IST)
India U19

India U19 vs Australia U19, Final: ഇന്ത്യയുടെ സീനിയര്‍ ടീമിന് മാത്രമല്ല അണ്ടര്‍ 19 ടീമിനും ലോകകപ്പ് ഫൈനലില്‍ കാലിടറി. അതും ഓസ്‌ട്രേലിയയുടെ മുന്നില്‍ തന്നെ. ഐസിസി ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റതിനു അണ്ടര്‍ 19 ഇന്ത്യന്‍ ടീം പകരംവീട്ടുമെന്ന് പ്രതീക്ഷിച്ചവര്‍ക്കെല്ലാം നിരാശ മാത്രം ബാക്കി. അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ 79 റണ്‍സിനാണ് ഇന്ത്യ ശക്തരായ ഓസ്‌ട്രേലിയയോട് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യയുടെ ഇന്നിങ്‌സ് 43.5 ഓവറില്‍ 174 ന് അവസാനിച്ചു. 
 
ടോസ് ലഭിച്ച ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഓപ്പണര്‍ ഹാരി ഡിക്‌സണ്‍ (42), നായകന്‍ ഹ്യു വെയ്ഗന്‍ (48), ഹര്‍ജാസ് സിങ് (55), ഒലിവര്‍ പീക്ക് (46 നോട്ട് ഔട്ട്) എന്നിവരുടെ ഇന്നിങ്‌സുകള്‍ ഓസീസിന്റെ സ്‌കോര്‍ 253 ലോക്ക് എത്തിച്ചു. ഇന്ത്യക്ക് വേണ്ടി രാജ് ലിംബാനി മൂന്ന് വിക്കറ്റും നമാന്‍ തിവാരി രണ്ട് വിക്കറ്റും വീഴ്ത്തി. 
 
മറുപടി ബാറ്റിങ്ങില്‍ ഇന്ത്യക്ക് തുടക്കം മുതല്‍ കാര്യങ്ങള്‍ കൈവിട്ടു. സ്‌കോര്‍ ബോര്‍ഡില്‍ 64 റണ്‍സ് ആകുമ്പോഴേക്കും നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ ആദര്‍ശ് സിങ് (77 പന്തില്‍ 47), എട്ടാമനായി ക്രീസിലെത്തിയ മുരുഗന്‍ അഭിഷേക് (46 പന്തില്‍ 42) എന്നിവര്‍ മാത്രമാണ് അല്‍പ്പമെങ്കിലും പൊരുതി നോക്കിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍