രോഹിത് ശര്‍മയ്ക്ക് പരിക്ക്; അടുത്ത മത്സരത്തില്‍ കളിച്ചേക്കില്ല
തിങ്കള്‍, 29 ഫെബ്രുവരി 2016 (10:48 IST)
ട്വന്റി ട്വന്റി ലോകകപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക ഉയര്‍ത്തി ഓപ്പണര്‍ രോഹിത് ശര്‍മ്മയ്ക്ക് പരുക്ക്. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ആമിറിന്റെ പന്ത് കാലില്‍ കൊണ്ടതാണ് രോഹിത്തിന് വിനയായത്.
ഇന്ത്യന്‍ ഇന്നിങ്‌സിലെ ആദ്യ പന്താണ് രോഹിത്തിന്റെ കാലില്‍ കൊണ്ടത്. കടുത്ത എല്‍ബിഡബ്ലു അപ്പീലിനെ അതിജീവിച്ചെങ്കിലും രണ്ടാംപന്തില്‍തന്നെ രോഹിത് ശര്‍മ ഔട്ടാകുകയും ചെയ്തു. ഞായറാഴ്ച രാവിലെയാണ് രോഹിത്തിന് കാല്‍വിരലിന് വേദന അനുഭവപ്പെട്ടത്. ഉടന്‍തന്നെ പ്രാഥമിക പരിശോധനയ്ക്കും എക്‌സറേ പരിശോധനയ്ക്കും അദ്ദേഹത്തെ വിധേയനാക്കി.
പരിക്ക് കടുപ്പമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ലോകകപ്പ് അടുത്തെത്തി നില്‍ക്കെ ഏഷ്യാകപ്പിലെ അടുത്ത മത്സരം രോഹിത് കളിയ്ക്കാന്‍ സാധ്യതയില്ല. ഇന്ത്യന്‍ നായകന്‍ ധോണിയും പേശിവലിവിനെ തുടര്‍ന്ന് ഏഷ്യാകപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ധോണിക്കുപകരം പാര്‍ഥിപ് പട്ടേലിനെ ടീമിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ലോകകപ്പിന് മുന്‍പുള്ള മികച്ച പരിശീലനമാകുമെന്നു കരുതിയാണ് ധോണി ടീമില്‍ തുടരാന്‍ തീരുമാനിച്ചത്. എന്നാല്‍, ബംഗ്ലാദേശിലെ പിച്ച് പരിശീലനത്തിന് പറ്റിയതല്ലെന്നാണ് ഇന്ത്യന്‍ നായകന്റെ വിമര്‍ശനം.