പരമ്പര ഓസീസിന്‌ വിട്ടു കൊടുത്ത് മക്കല്ലം പടിയിറങ്ങി

ബുധന്‍, 24 ഫെബ്രുവരി 2016 (14:10 IST)
ടെസ്‌റ്റിലെ അതിവേഗ സെഞ്ച്വറിക്കാരന്‍ എന്ന റെക്കോഡിന്‌ അവകാശിയായിട്ടും ന്യൂസിലാന്റ് നായകന്‍ ബ്രണ്ടന്‍ മക്കലത്തിന്‌ തോല്‍‌വിയോടെ വിട. മക്കലത്തിന്റെ അവസാന ടെസ്‌റ്റില്‍ ന്യൂസിലാന്റ് ഓസ്‌ട്രേലിയയോട്‌ ഏഴു വിക്കറ്റിന്‌ കീഴടങ്ങി. രണ്ടു മത്സരങ്ങളുടെ പരമ്പര പൂര്‍ണ്ണമായും ഓസീസിന്‌ വിട്ടു കൊടുത്താണ്‌ ന്യൂസിലന്റ്‌ നായകന്‍ പാഡഴിച്ചത്.

സ്വന്തം തറവാടായ ക്രൈസ്‌റ്റ് ചര്‍ച്ചില്‍ ആദ്യമായി ടെസ്‌റ്റ് പരാജയപ്പെട്ടതിന്റെയും പരമ്പര നഷ്‌ടമാക്കിയതിന്റെയും ഭാരത്തോടെയാണ്‌ ലോകത്തില്‍ ഏറ്റവും വേഗത്തില്‍ റണ്‍സ്‌ കണ്ടെത്തുന്ന ബാറ്റ്‌സ്മാന്‍മാരില്‍ ഒരാള്‍ പടിയിറങ്ങുന്നത്‌. ടെസ്‌റ്റില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂസിലാന്റ് ആദ്യ ഇന്നിംഗ്‌സില്‍ 370 റ്ണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 335 റണ്‍സും സ്‌കോര്‍ ചെയ്‌തപ്പോള്‍ ഓസീസിന്റെ സ്‌കോറുകള്‍ 505, മൂന്നിന്‌ 201ആയിരുന്നു.

131 റണ്‍സ്‌ വിജയലക്ഷ്യവുമായിട്ടാണ് അവസാനദിവസം ഓസീസ്‌ ഇറങ്ങിയത്. ബേണ്‍സിന്റെയും (65) സ്‌മിത്തിന്റെയും (53) അര്‍ദ്ധശതക മികവോടെയാണ് ഓസീസ് വിജയം പിടിച്ചെടുത്തത്. ഖ്വാജ (45), വാര്‍ണര്‍ (22) എന്നിവരായിരുന്നു മറ്റു സ്‌കോറര്‍മാര്‍. കളി ജയിക്കുമ്പോള്‍ സ്‌മിത്തും 10 റണ്‍സ്‌ എടുത്ത വോജസുമായിരുന്ന ക്രീസില്‍. നേരത്തേ ആദ്യ ഇന്നിംഗ്‌സില്‍ ബേണ്‍സും സ്‌മിത്തും സെഞ്ച്വറി കുറിച്ചിരുന്നു. ഇന്നത്തെ വിജയത്തോടെ ഓസ്‌ട്രേലിയ ടെസ്‌റ്റ് റാങ്കിംഗില്‍ ഇന്ത്യയെ പിന്‍‌തള്ളി ഒന്നാം സ്‌ഥാനത്തേക്ക്‌ എത്തുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക